ദമ്പതികളെ കാറിൽ നിന്ന് പിടിച്ചിറക്കി മർദ്ദിച്ചു; പ്രതികൾ പിടിയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 09:36 PM  |  

Last Updated: 19th October 2021 09:36 PM  |   A+A-   |  

arrest

പ്രതീകാത്മക ചിത്രം

 

കൊച്ചി: ദമ്പതികളെ ആക്രമിക്കുകയും ഫോറസ്റ്റ് വാച്ചറെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ചേര്‍ത്തല ചെട്ടിശ്ശേരിച്ചിറ വീട്ടില്‍ സുരാജ് , വയലാര്‍ ചിറയില്‍ വീട്ടില്‍ നിധിന്‍, ചേര്‍ത്തല വെട്ടക്കല്‍ കമ്പയകത്ത് വീട്ടില്‍ ശരത് എന്നിവരെയാണ് ഊന്നുകല്‍ പൊലിസ് പിടികൂടിയത്. 

കഴിഞ്ഞ മൂന്നിന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പനക്കുഴി പാലത്തിന് സമീപം മദ്യപിച്ച് വഴിയില്‍ മാര്‍ഗ്ഗ തടസം ഉണ്ടാക്കി നില്‍ക്കുകയായിരുന്ന സംഘം കാറില്‍ പോവുകയായിരുന്ന ദമ്പതികളെ വാഹനത്തിൽ നിന്ന് പിടിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഭര്‍ത്താവ് ജിനോയ്ക്ക് സാരമായി പരിക്കേറ്റു. ഭാര്യയേയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മര്‍ദ്ദിച്ചു. തുടര്‍ന്ന് അമിത വേഗതയില്‍ തിരിച്ചു പോകുന്ന വഴി ഇഞ്ചിപ്പാറ ചെക്ക് പോസ്റ്റ് അടച്ചിരിക്കുയായിരുന്നു. സംഘം വാച്ചറുടെ കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തി ചെക്ക്‌പോസ്റ്റ് ബാറിന്റെ കെട്ടഴിച്ച് വിടുവിച്ചു. അവിടെയുണ്ടായിരുന്ന രണ്ടു പേരെയും തള്ളിയിട്ട് വാഹനവുമായി കടന്നുകളയുകയായിരുന്നു. 

ജില്ലാ പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപികരിച്ച് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലാകുന്നത്. സുരാജ് ആറ് കേസുകളിലും നിധിന്‍ രണ്ട് കേസുകളിലും പ്രതികളാണ്.