ഒറ്റ സ്വിച്ചില്‍ ഷട്ടര്‍ പൊങ്ങും ; എല്ലാം സജ്ജമെന്ന് കെഎസ്ഇബി ; ഇടുക്കിയില്‍ അതീവ ജാഗ്രത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 09:22 AM  |  

Last Updated: 19th October 2021 09:22 AM  |   A+A-   |  

idukki dam

ഫയല്‍ ചിത്രം

 

തൊടുപുഴ : 2018 ലെ പ്രളയത്തിന് ശേഷം ഇടുക്കി ഡാം വീണ്ടും തുറക്കുമ്പോള്‍, ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍. നിയന്ത്രിതമായ അളവിലായിരിക്കും വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഷട്ടറുകള്‍ എപ്പോള്‍ അടയ്ക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 

ആശങ്ക വേണ്ട

ഡാം തുറക്കുന്നത് പരിഗണിച്ച് സര്‍ക്കാരിന്റെ നിര്‍ദേശങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അഭ്യര്‍ത്ഥിച്ചു. അപകടമേഖലകളിലുള്ള ജനങ്ങള്‍ ക്യാമ്പുകളിലേക്ക് മാറാന്‍ തയ്യാറാകണം. അല്ലാത്തവരെ അറസ്റ്റ് ചെയ്ത് മാറ്റേണ്ടി വരുമെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി. 2018 ല്‍ പ്രളയമുണ്ടായപ്പോള്‍ ഇടുക്കിയിലും കോട്ടയത്തും പെട്ടെന്നാണ് സ്ഥിതിഗതികള്‍ മാറിയത്. ജനങ്ങള്‍ ജാഗ്രത കൈവിടരുത്. റവന്യൂ ഉദ്യോഗസ്ഥര്‍ അഞ്ചുദിവസം ജില്ലയില്‍ തങ്ങാനും മന്ത്രി നിര്‍ദേശിച്ചു. 

ഇടുക്കിയില്‍ സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. ജലനിരപ്പ് കുറഞ്ഞാല്‍ ഉടന്‍ ഷട്ടറുകള്‍ അടയ്ക്കും. എപ്പോഴും നിരീക്ഷണമുണ്ടാകുമെന്നും വൈദ്യുതിമന്ത്രി പറഞ്ഞു. പെരിയാറിന്റെ തീരവാസികള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 

ഒറ്റ സ്വിച്ചില്‍ ഷട്ടര്‍ ഉയരും

2018ലെ പ്രളയത്തിനുശേഷം ഇടുക്കി ഡാമിന്റെ ഷട്ടര്‍ ഇന്ന് പതിനൊന്ന് മണിയോടെയാണ് തുറക്കുക. ഇടുക്കി പദ്ധതിയിലെ ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 35 സെന്റീമീറ്റര്‍ വീതമാകും ഉയര്‍ത്തുക. ആദ്യം മൂന്നാമത്തെ ഷട്ടര്‍ തുറക്കും. അഞ്ചു മിനിറ്റിന് ശേഷം രണ്ടാമത്തെ ഷട്ടറും വീണ്ടും അഞ്ചു മിനിറ്റ് ശേഷം നാലാമത്തെ ഷട്ടറും 35 സെ.മീ. ഉയര്‍ത്തും. സെക്കന്‍ഡില്‍ ഒരു ലക്ഷം ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുകും. അണക്കെട്ടിന്റെ ചരിത്രത്തില്‍ ഇത് അഞ്ചാം തവണയാണ് തുറക്കുന്നത്. 

2018 ലെ സാഹചര്യം ഇപ്പോഴില്ലെന്നാണ് കെഎസ്ഇബിയുടെയും വിദഗ്ധ സമിതിയുടെയും വിലയിരുത്തല്‍.  2018ല്‍ ചെറുതോണി അണക്കെട്ടിന്റെ 5 ഷട്ടറുകളും തുറന്നിരുന്നു. 30 ദിവസത്തിനു ശേഷമാണ് അന്ന് ഷട്ടറുകള്‍ അടച്ചത്. 1063.226 ദശലക്ഷം മീറ്റര്‍ ക്യൂബ് വെള്ളമാണ് അന്ന് ഒഴുക്കിവിട്ടത്. അന്ന് ഒഴുക്കിവിട്ട വെള്ളം കൊണ്ട് 1,500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്നായിരുന്നു കണക്ക്. 

ഇലക്ട്രിക് മോട്ടറിലാണ് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ പ്രവർത്തിക്കുന്നത്. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കറങ്ങുന്ന മോട്ടറിനൊപ്പം ഗിയർ സംവിധാനം പ്രവർത്തിച്ചുതുടങ്ങും. ചക്രങ്ങളിൽ കറങ്ങുന്ന ഗിയറിൽ ഘടിപ്പിച്ച ഉരുക്കു വടങ്ങൾ ഷട്ടർ ഗേറ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. 2018ൽ 50 സെന്റിമീറ്റർ ഷട്ടർ ഉയർത്തുന്നതിനു രണ്ടു മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. 

കെഎസ്ഇബിക്ക് കനത്ത നഷ്ടം

ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളിലൊന്ന് 50 സെന്റിമീറ്റർ ഉയർത്തിയാൽ ഒരു സെക്കൻഡിൽ 1,875 രൂപയുടെ നഷ്ടമാണ് കെഎസ്ഇബിക്ക് ഉണ്ടാകുക. ഒരു മണിക്കൂറിൽ 67,50,000 രൂപയാണ് നഷ്ടപ്പെടുക. 3 ഷട്ടറും തുറക്കുമ്പോൾ നഷ്ടം 2  കോടി കവിയും. ഒരു ഷട്ടർ 50 സെന്റി മീറ്റർ ഉയർത്തിയ ശേഷം താഴ്ത്തുന്നതിന് ഏറെക്കുറെ മൂന്നു മണിക്കൂർ വേണമെന്ന് ജനറേഷൻ വിഭാഗം പറയുന്നു. ഇടുക്കി അണക്കെട്ടിൽ നിന്ന് ഒരടി തുറന്നുവിട്ടാൽ 850 ദശലക്ഷം ഘനയടി വെള്ളമാണു നഷ്ടപ്പെടുന്നതെന്നും ഇതിലൂടെ പാഴാകുന്നത് 14 കോടി രൂപയാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

ഇടുക്കി അണക്കെട്ടു തുറക്കുന്ന സാഹചര്യത്തിൽ ഇടുക്കി താലൂക്കിലെ 5 വില്ലേജുകളിലെ  64 കുടുംബങ്ങളിലെ 222 പേരെ മാറ്റിപ്പാർപ്പിക്കും.   ദുരിതാശ്വാസ ക്യാംപുകൾക്കായി സ്കൂൾ കെട്ടിടങ്ങൾ ജില്ലാ ഭരണകൂടം ഏറ്റെടുത്തു. തങ്കമണി, വാത്തിക്കുടി, കഞ്ഞിക്കുഴി മേഖലകളിൽ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ എല്ലാം അടച്ചു. ജലം ഒഴുകിവരുന്ന സ്ഥലങ്ങളിൽ മീന്‍ പിടിത്തം, കുളി, തുണി അലക്കൽ, സെല്‍ഫി, വിഡിയോ ചിത്രീകരണം, ഫെയ്സ്ബുക്ക് ലൈവ് എന്നിവയും നിരോധിച്ചു.


പെരിയാറിലെ ജലനിരപ്പ് ഉയരും

ഇടുക്കി അണക്കെട്ടിൽ നിന്നും രാവിലെ 11 മണിക്ക് പെരിയാറിലേക്കൊഴുക്കുന്ന ജലം 4 - 6 മണിക്കൂറിനുള്ളിൽ കാലടി - ആലുവ ഭാഗത്തെത്തുമെന്നാണ് വിലയിരുത്തലെന്ന് എറണാകുളം ജില്ലാ കലക്ടർ ജാഫർ മാലിക് അറിയിച്ചു. അധിക ജലപ്രവാഹം മൂലം പെരിയാറിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയർന്നേക്കും. ഈ ജലനിരപ്പ് ബാധിച്ചേക്കാവുന്ന താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പുലർത്തേണ്ടതാണ്.

ഷട്ടർ തുറന്നാൽ...

ഷട്ടർ തുറന്നാൽ ചെറുതോണി പുഴയിലേക്കാണ് ആദ്യം വെള്ളം എത്തുക. സ്പിൽവേയിലൂടെ വെള്ളം ചെറുതോണി പുഴയിലൂടെ ഒഴുകി വെള്ളക്കയത്ത് പെരിയാറിൽ ചേരും. തടിയമ്പാട്, കരിമ്പൻ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്ലാ വനമേഖലയിലൂടെയും നാട്ടിൻപുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിർത്തിയായ ലോവർ പെരിയാർ പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താൻകെട്ട്, ഇടമലയാർ വഴി മലയാറ്റൂർ, കാലടി ഭാഗങ്ങളിലെത്തും.എറണാകുളം ജില്ലയിലെ ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാർപാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളിൽ വെള്ളമെത്തും. തുടർന്ന് ആലുവാപ്പുഴയിലെത്തി അറബിക്കടലിൽ ചേരും.