വാഹന പരിശോധനയില്‍ തെറ്റായ പേര് നല്‍കി; 'ദശരഥ പുത്രന്‍ രാമന്' എതിരെ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th October 2021 08:53 PM  |  

Last Updated: 19th October 2021 08:53 PM  |   A+A-   |  

raman-pety

പൊലീസ് എഴുതിക്കൊടുത്ത രസീത്‌
തിരുവനന്തപുരം: വാഹപരിശോധനയ്ക്കിടെ തെറ്റായ പേരും മേല്‍വിലാസവും നല്‍കിയ ആള്‍ക്കെതിരെ കേസ്. കാട്ടാക്കട സ്വദേശി നന്ദകുമാറിന് എതിരെയാണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ രാമന്‍, ദശരഥപുത്രന്‍, അയോധ്യ എന്നാണ് ഇയാള്‍ പേരും അഡ്രസും നല്‍കിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പൊലീസ് നടപടി. 

ചടയമംഗലം പൊലീസാണ് ഈ പേരില്‍ 500രൂപ പെറ്റി എഴുതി നല്‍കിയത്. എന്തുവന്നാലും സര്‍ക്കാരിന് പൈസ കിട്ടിയാല്‍ മതിയെന്ന് പറഞ്ഞാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പെറ്റി എഴുതി നല്‍കിയത്. 

എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വാഹനപരിശോധനയ്ക്കിടെയാണ് സംഭവം നടന്നത്. നിയമലംഘനം പൊലീസ് ചോദ്യം ചെയ്തപ്പോള്‍ യുവാക്കള്‍ പൊലീസിനോടു തട്ടിക്കയറി. ബഹളത്തിനിടെ ആദ്യം മേല്‍വിലാസം നല്‍കാന്‍ തയ്യാറാകാതിരുന്ന ഇവര്‍ പിന്നീട് പറഞ്ഞവിലാസം പൊലീസ് എഴുതിയെടുക്കുകയായിരുന്നു. 

പേര് രാമന്‍, അച്ഛന്റെ പേര് ദശരഥന്‍, സ്ഥലം അയോധ്യ എന്നാണ് പറഞ്ഞുകൊടുത്തത്. 500 രൂപ പിഴചുമത്തി രസീത് നല്‍കി. പൊലീസിന് തെറ്റായ മേല്‍വിലാസം നല്‍കിയെന്നു മാത്രമല്ല രസീതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ പെറ്റി എഴുതിയ ഗ്രേഡ് എസ്‌ഐയും വെട്ടിലായി. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് യുവാവ് പറഞ്ഞ പേരില്‍ പെറ്റി എഴുതി നല്‍കിയത് എന്നായിരുന്നു പൊലീസിന്റെ വിശദീകരണം.