മലയോര മേഖലകളില്‍ മഴ കനത്തു ; കോഴിക്കോടും കോട്ടയത്തും ശക്തമായ മഴ ; തിരുവമ്പാടി ടൗണില്‍ വെള്ളം കയറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 04:34 PM  |  

Last Updated: 20th October 2021 04:34 PM  |   A+A-   |  

kozhikode rain

തിരുവമ്പാടി ടൗണിൽ വെള്ളം കയറി / ടെലിവിഷൻ ചിത്രം

 

കോഴിക്കോട് : സംസ്ഥാനത്തെ മലയോര മേഖലകളില്‍ വീണ്ടും ശക്തമായ മഴയും ഇടിമിന്നലും. കോഴിക്കോട്ടെയും കോട്ടയത്തെയും മലയോരമേഖലകളിലാണ് മഴ ശക്തമായത്. കനത്ത മഴയെ തുടര്‍ന്ന് തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. 

തിരുവമ്പാടി, കോടഞ്ചേരി, താമരശ്ശേരി മേഖലകളിലാണ് കനത്ത മഴ പെയ്യുന്നത്. തിരുവമ്പാടി ടൗണില്‍ വെള്ളക്കെട്ട് മൂലം ഗതാഗതം സ്തംഭിച്ചു. ശക്തമായ ഇടിമിന്നലും ഉണ്ട്. കോട്ടയത്തെ  മലയോര മേഖലകളിലും പാലക്കാടും മഴ തുടരുകയാണ്.

വ്യാപകമഴയ്ക്ക് സാധ്യത

അതേസമയം, സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ വ്യാപകമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. പത്തുജില്ലകളില്‍ ജാഗ്രതനിര്‍ദേശം പുറപ്പെടുവിച്ചു. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റിനും, ഇടിമിന്നലിനും സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതേസമയം ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു. കാലാവസ്ഥയില്‍ മാറ്റം വന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. നാളെ മൂന്ന് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ വ്യാഴാഴ്ച ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

തുലാവർഷം 26 മുതൽ

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മാത്രമാണുള്ളത്. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. സംസ്ഥാനത്ത് ഈ മാസം 26 മുതൽ തുലാവര്‍ഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.