'ഇത് എംഎല്‍എയുടെ പണിയല്ല; കരാറുകാരെയും കൂട്ടി വരേണ്ടതില്ല'; മുഹമ്മദ് റിയാസിന് പിന്തുണയുമായി മുഖ്യമന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 07:35 PM  |  

Last Updated: 20th October 2021 07:35 PM  |   A+A-   |  

muhammed_riyas-_pinarayi

പിഎ മുഹമ്മദ് റിയാസ് - പിണറായി വിജയന്‍

 

തിരുവനന്തപുരം: മന്ത്രി മുഹമ്മദ് റിയാസിന് മുഖ്യമന്ത്രിയുടെ പിന്തുണ. എംഎല്‍എമാര്‍ കോണ്‍ട്രാക്്ടറെയും കൂട്ടി മന്ത്രിമാരെ കാണാന്‍ വരേണ്ടതില്ലെന്നത് പാര്‍ട്ടി നിലപാടാണ്. ഇത് ഇപ്പോഴുള്ളതല്ലെന്നും നേരത്തെ ഉള്ളതാണെന്നും പിണറായി പറഞ്ഞു. ഇതിനെ ചൊല്ലി പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങളില്ലെന്നും മുഖ്യമന്ത്രി തിരുവനനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ വൈദ്യുതി മന്ത്രിയുമായപ്പോള്‍ അന്ന് ഒരു എംഎല്‍എ കോണ്‍ട്രാക്ടറെയും കൂട്ടി വന്നു. ഇത് നിങ്ങളുടെ ജോലിയില്‍പ്പെട്ടതല്ലെന്ന് അന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞു. കോണ്‍ട്രാക്ടറെയും കൂട്ടി മന്ത്രിയെ കാണാന്‍ വരേണ്ടതില്ലെന്ന് പറയുകയും ചെയ്തു. ഇത് സംബന്ധിച്ച് പാര്‍ട്ടിക്ക് ഒരു നിലപാട് ഉണ്ടായിരുന്നു. ആ നിലപാടിന്റെ ഭാഗമായാണ് അക്കാര്യം പറഞ്ഞത്. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കകത്ത് വ്യത്യസ്ത അഭിപ്രായങ്ങള്‍ ഇല്ലെന്നും പിണറായി പറഞ്ഞു.

മന്ത്രി റിയാസിന്റെ നിലപാടിനെതിരെ സി.പി.എം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് റിയാസിന് പിന്തുണയുമായി പാര്‍ട്ടി നേതൃത്വം രംഗത്തെത്തിയിരുന്നു