മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് ഇടിയോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യത; 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്, ജാഗ്രതാനിര്‍ദേശം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 04:36 PM  |  

Last Updated: 20th October 2021 07:10 PM  |   A+A-   |  

rain in kerala

ഫയല്‍ ചിത്രം

 

തിരുവനനന്തപുരം: അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്,  മലപ്പുറം, കോഴിക്കോട് എന്നി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. 

ഇടിയോട് കൂടിയ മഴ

ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍  ഇടിയോട് കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിന്  സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

ഈ മാസം 24 വരെ കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്നത് മുഖ്യമായി കാറ്റാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞുവീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ്

നേരത്തെ കാലാവസ്ഥ മാറിയതിനെ തുടര്‍ന്ന് ഇന്ന് മൂന്ന് ജില്ലകള്‍ ഒഴികെ മറ്റിടങ്ങളില്‍ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചിരുന്നു. നാളെ മൂന്നിടത്താണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ വ്യാഴാഴ്ച കനത്തമഴ പെയ്യുമെന്നാണ് പ്രവചനം. ഇന്ന് ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ ഒഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.