കിടപ്പിലായ ഭർത്താവിനെ കഴുത്തറുത്തു കൊന്നു, കുളത്തിൽ ചാടി ആത്മഹത്യാശ്രമം; ദുരിതം ഒഴിവാക്കാനെന്ന് ഭാര്യ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2021 07:20 AM  |  

Last Updated: 20th October 2021 07:34 AM  |   A+A-   |  

murder_in_thiruvananthapuram

ജ്ഞാനദാസ്, സുമതി

 

തിരുവനന്തപുരം; പത്ത് വർഷത്തോളമായി പക്ഷാഘാതം കാരണം കിടപ്പിലായിപ്പോയ ഭർത്താവിനെ ഭാര്യ കഴുത്തറുത്തു കൊന്നു. മണവാരിക്ക്‌ സമീപം കോരണംകോട് ഒലിപ്പുറത്ത് കാവുവിള പുത്തൻവീട് രോഹിണിയിൽ ജ്ഞാനദാസ് (ഗോപി-72) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം കുളത്തിൽ ചാടി ആത്മഹത്യാശ്രമം നടത്തിയ ഭാര്യ സുമതിയെ (66) പൊലീസ് കസ്റ്റഡിയിലെടുത്തു. 

എഴുന്നേൽക്കാൻ പോലുമാവാത്ത ഭർത്താവിന്റെ ദുരിതം ഒഴിവാക്കാൻ

പരസഹായമില്ലാതെ എഴുന്നേൽക്കാൻ പോലും കഴിയാത്ത ഭർത്താവിന്റെ ദുരിതം ഒഴിവാക്കാൻ താൻ കൊലപ്പെടുത്തിയതാണെന്ന് സുമതി പൊലീസിനു മൊഴി നൽകി. സുമതി മെഡിക്കൽ കോളജ് ആശുപത്രിയിൽ പൊലീസ് കസ്റ്റഡിയിൽ ചികിൽസയിലാണ്. ചൊവ്വാഴ്ച രാവിലെ എട്ടിനും ഒമ്പതിനും മധ്യേ കൊലപാതകം നടന്നത്. തുടർന്ന് കുളത്തിൽ ചാടി ആത്മഹത്യക്കൊരുങ്ങിയ സുമതിയെ വയലിലെ ചാലിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. 

സമീപത്ത് താമസിക്കുന്ന മകൻ സുനിൽദാസ് ഇവർക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. പണി നടക്കുന്ന കുടുംബവീടിന്റെ സമീപത്തുള്ള കൃഷിയിടത്തിലെ ഒറ്റമുറി കെട്ടിടത്തിനുള്ളിൽ നിലത്താണ് ജ്ഞാനദാസിന്റെ മൃതദേഹം കിടന്നിരുന്നത്. കഴുത്തറത്ത നിലയിലായിരുന്നു. 

ജ്ഞാനദാസ് പത്ത് വർഷമായി കിടുപ്പിൽ

ടാപ്പിങ് തൊഴിലാളിയായ ജ്ഞാനദാസ് 10 വർഷം മുമ്പാണ് പക്ഷാഘാതമേറ്റ് ചികിത്സയിലായത്. മകനോടൊപ്പം കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. ഒരു വർഷം മുമ്പ് വീട് പുതുക്കിപ്പണിയാൻ തുടങ്ങി. ഇതോടെ ജ്ഞാനദാസും ഭാര്യയും മകൾ സുനിതയുടെ കൊല്ലങ്കോട് കാഞ്ഞാപുറത്തുള്ള വീട്ടിലേയ്ക്ക് മാറി. ഇരുവരും നിർബന്ധിച്ചതിനെ തുടർന്ന് ഒരാഴ്ച മുമ്പ് കുടുംബവീട്ടിലേയ്ക്ക് തിരികെ കൊണ്ടുവരികയായിരുന്നു. വീടിന്റെ പണി പൂർത്തിയാകാത്തതിനാൽ പുരയിടത്തിന് സമീപത്തുള്ള ഷെഡ്ഡിൽ സജ്ജീകരണമൊരുക്കി ഇരുവരെയും താമസിപ്പിച്ച് വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.