കുഞ്ഞിനെ അമ്മയില്‍നിന്ന് തട്ടിയെടുത്തെന്ന പരാതി; വനിതാ കമ്മീഷന്‍ കേസെടുത്തു, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി

By സമകാലികമലയാളം ഡെസ്‌ക്  |   Published: 21st October 2021 04:35 PM  |  

Last Updated: 21st October 2021 04:35 PM  |   A+A-   |  

anupama

അനുപമയും അജിത്തും

 

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ യുവതിയില്‍ നിന്നും രക്ഷിതാക്കള്‍ കുഞ്ഞിനെ മാറ്റിയെന്ന പരാതിയില്‍ കേസെടുത്ത് വനിതാ കമ്മീഷന്‍. 
വിഷയത്തില്‍ ഡിജിപിയോട് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി അടിയന്തര റിപ്പോര്‍ട്ട് തേടി. തിരുവനന്തപുരത്ത് അടുത്തമാസം നടക്കുന്ന സിറ്റിങ്ങില്‍ കക്ഷികളെ വിളിച്ചുവരുത്തുമെന്നും കമ്മീഷന്‍ അറിയിച്ചു. 

വിഷയത്തില്‍, കഴിഞ്ഞദിവസം പൊലീസും കേസെടുത്തിരുന്നു. പരാതിക്കാരിയായ അനുപമയുടെ അച്ഛനും സിപിഎം നേതാവുമായ ജയചന്ദ്രന്‍, അമ്മ,സഹോദരി, സഹോദരീ ഭര്‍ത്താവ്, ജയചന്ദ്രന്റെ രണ്ട് സുഹൃത്തുക്കള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

പരാതി നല്‍കി ആറ് മാസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ് ഏപ്രില്‍ 19 നാണ് കുഞ്ഞിനെ തന്റെ ബന്ധുക്കള്‍ എടുത്തുകൊണ്ടുപോയെന്ന് കാണിച്ച് അനുപമ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് യുവതി ആരോപിച്ചിരുന്നു.

ദുരഭിമാനത്തെ തുടര്‍ന്നാണ് കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയതെന്നാണ് അനുപമ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് അനുപമ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.പ്രസവിച്ച് മൂന്നാം ദിവസം ബന്ധുക്കള്‍ വന്ന് കുഞ്ഞിനെ കൊണ്ടുപോയി. സഹോദരിയുടെ വിവാഹം കഴിഞ്ഞ് കുട്ടിയെ തിരിച്ചേല്‍പിക്കാം എന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. സഹോദരിയുടെ വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞിട്ടും കുട്ടിയെ കിട്ടില്ലെന്നായപ്പോള്‍ അനുപമ കുട്ടിയുടെ പിതാവായ അജിത്തിനൊപ്പം താമസം തുടങ്ങിയിരുന്നു.

കുഞ്ഞിനെ ആന്ധ്രയില്‍ ദത്തുകൊടുത്തെന്ന് സൂചന

കുഞ്ഞിനെ ആന്ധ്രാപ്രദേശിലെ കുടുംബത്തിന് ശിശുക്ഷേമ സമിതി ദത്തുകൊടുത്തെന്നാണ് സൂചന. തുടക്കത്തില്‍ താത്കാലിക ദത്ത് നല്‍കിയ കുഞ്ഞിനെ സ്ഥിരമായി ദത്ത് നല്‍കാനുള്ള നടപടികള്‍ കോടതിയില്‍ നടക്കുകയാണ്. വിവാദങ്ങള്‍ക്കിടയിലും ഇതിനുള്ള നടപടികളുമായി ശിശുക്ഷേമസമിതി മുന്നോട്ടുപോവുകയാണ്.

കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ നല്‍കിയത് ശിശുക്ഷേമസമിതിയിലാണെന്ന് ഇവര്‍ അറിയുന്നത്. ഓഗസ്റ്റ് ആദ്യവാരം ശിശുക്ഷേമസമിതി ദത്ത് നല്‍കിയ കുഞ്ഞ് അനുപമയുടേതാണെന്നാണ് സംശയം. രണ്ട് ദിവസത്തിനു ശേഷമാണ് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസിലെത്തിയ മാതാപിതാക്കളോട് കുഞ്ഞ് ശിശുക്ഷേമസമിതിയിലുണ്ടെന്ന് പറയുന്നത്. 

കുഞ്ഞിനെ നിയമപരമായാണ് നല്‍കിയിട്ടുള്ളതെന്നും എന്നാല്‍, എവിടെയാണെന്ന് അനുപമയുടെ അച്ഛന്‍ സിപിഎം പേരൂര്‍ക്കട ഏരിയാ കമ്മിറ്റി അംഗം കൂടിയായ പി എസ്.ജയച്ചന്ദ്രന്‍ പറയുന്നില്ലെന്നുമാണ് പൊലീസ് പറഞ്ഞത്. 

ഏപ്രിലില്‍ ശിശുക്ഷേമസമിതിയിലും ലഭിച്ച കുഞ്ഞുങ്ങളുടെ വിവരം തേടി രക്ഷിതാക്കള്‍ എത്തിയിരുന്നു. വിവരങ്ങള്‍ കോടതിയിലേ അറിയിക്കാനാവൂ എന്നാണ് അറിയിച്ചത്. എന്നാല്‍, സമിതിയിലെ ഉന്നതരായ പലര്‍ക്കും കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ച വിവരം അറിയാമായിരുന്നുവെന്നും മനഃപൂര്‍വം മറച്ചുവയ്ക്കുകയായിരുന്നുവെന്നാണ് അനുപമ പറയുന്നത്. വിവരം അറിഞ്ഞ ഉടനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍ പരാതി നല്‍കി ഡി.എന്‍.എ. ടെസ്റ്റ് നടത്തി. അതേ ദിവസം രാത്രി ലഭിച്ച ഒരു കുഞ്ഞിന്റെ ടെസ്റ്റാണ് ഒത്തുനോക്കാന്‍ നടത്തിയതെന്നാണ് വിവരം.