സ്വര്‍ണക്കടത്ത്: ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാനുള്ള ഉത്തരവിന് സ്‌റ്റേ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 05:29 PM  |  

Last Updated: 21st October 2021 05:29 PM  |   A+A-   |  

SupremeCourtofIndia

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് എതിരായ തെളിവുകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയ്ക്ക് അനുമതി നല്‍കിയ ഉത്തരവിന് സുപ്രീംകോടതിയുടെ സ്‌റ്റേ. ഹൈക്കോടതി ഉത്തരവാണ് സ്‌റ്റേ ചെയ്തത്. 

കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിക്കും മറ്റും എതിരെ മൊഴി നല്‍കുന്നതിന് പ്രതികളായ സ്വപ്‌നയേയും സന്ദീപ് നായരെയും സമ്മര്‍ദം ചെലുത്തിയോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. ഈ കേസിന്റെ എഫ്‌ഐആര്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കണ്ടെത്തിയ രേഖകള്‍ പരിശോധിക്കാന്‍ വിചാരണക്കോടതിയ്ക്ക് അനുമതി നല്‍കിയിരുന്നു. 

ഈ ഉത്തരവിനെതിരെ ഇഡി ഡപ്യൂട്ടി ഡയറക്ടര്‍ പി രാധാകൃഷ്ണനാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരവ് സ്റ്റേ ചെയ്‌തെങ്കിലും, ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിന് എതിരെ ഡിവിഷന്‍ ബെഞ്ചിലായിരുന്നു ഇഡി  അപ്പീല്‍ നല്‍കേണ്ടിയിരുന്നത് എന്ന് സര്‍ക്കാര്‍ വാദിച്ചു. അടുത്തവര്‍ഷം ജനുവരി പതിനേഴിന് കേസില്‍ വിശദമായ വാദം കേള്‍ക്കും.