കൂട്ടുകാര്‍ക്കൊപ്പം യാത്രപോയി, തിരികെയെത്തിയത് മകന്റെ മൃതദേഹം; ദുരൂഹത, മുഖ്യമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ച് ദമ്പതികള്‍

മംഗളൂരുവിലേക്ക് കൂട്ടൂകാര്‍ക്കൊപ്പം റോഡ് ട്രിപ്പ് പോയ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍
സൂര്യജിത്തിന്റെ മാതാപിതാക്കളായ രമേശനും ശോഭയും
സൂര്യജിത്തിന്റെ മാതാപിതാക്കളായ രമേശനും ശോഭയും

കാസര്‍കോട്: മംഗളൂരുവിലേക്ക് കൂട്ടൂകാര്‍ക്കൊപ്പം റോഡ് ട്രിപ്പ് പോയ മകന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍. സംഭവത്തെ കുറിച്ച് കൂട്ടുകാര്‍ നുണ പറയുന്നതായി സംശയിക്കുന്നതായും മകന്‍ സൂര്യജിത്തിന്റെ മരണത്തിലെ ദുരൂഹത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കാസര്‍കോട് ബഡ്ഡ്ക സ്വദേശികളായ രമേശനും ശോഭയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നല്‍കി.

സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തിലാണ് സംഭവം. കൂട്ടുകാര്‍ക്കൊപ്പം മംഗളൂരുവിലേക്ക് റോഡ് ട്രിപ്പ് പോയ സൂര്യജിത്ത് നാലുദിവസത്തിന് ശേഷം ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു. മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച മാതാപിതാക്കള്‍ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. സൂര്യജിത്തിന്റെ മാതാപിതാക്കളോടും കൂട്ടുകാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇങ്ങനെ.

സെപ്റ്റംബര്‍ ഒന്നിന് ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടിലെത്തിയ രാഹുല്‍ മംഗളൂരുവില്‍ പോവാന്‍ തീരുമാനിച്ചു.  ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിനാണ് മംഗളൂരുവില്‍ പോകാന്‍ പരിപാടിയിട്ടത്. യാത്രയ്ക്ക് സൂര്യജിത്ത് ഉള്‍പ്പെടെ മൂന്ന് കൂട്ടുകാരെ രാഹുല്‍ കൂടെക്കൂട്ടി.  സ്വരൂപ്, മിഥുന്‍  എന്നിവരാണ് മറ്റു കൂട്ടുകാര്‍.പ്ലസ്ടു പരീക്ഷയില്‍ രണ്ടുവിഷയത്തില്‍ തോറ്റ സൂര്യജിത്ത്(19) സപ്ലിമെന്ററി പരീക്ഷയ്ക്കായി തയ്യാറെടുത്ത് വരികയായിരുന്നു. വൈകീട്ട് രണ്ടുമണിക്ക് രണ്ടു ബൈക്കിലാണ് ഇവര്‍ യാത്ര പുറപ്പെട്ടത്. സൂര്യജിത്തിനൊപ്പം ട്രെയിനിലാണ് മംഗലൂരുവിലേക്ക് പോയതെന്ന് മിഥുന്‍ വീട്ടുകാരോട് നുണ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ബൈക്കില്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കില്ല എന്ന കാരണം കൊണ്ട് നുണ പറയുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.

19കാരന്റെ മരണം

മംഗളൂരുവില്‍ എത്തിയ ഇവര്‍ കൂട്ടുകാരന്റെ വീട്ടിലാണ് കഴിഞ്ഞത്. കൂട്ടുകാരന്‍ ഷക്കീൽ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ്. വൈകീട്ട് ചിക്കന്‍ പാചകം ചെയ്യുകയും പാര്‍ട്ടി നടത്തുകയും ചെയ്തു. രാത്രി എട്ടുമണിക്ക് സൂര്യജിത്ത് തന്നോട് ഫോണില്‍ സംസാരിച്ചതായി അമ്മ ശോഭ  പറയുന്നു.

'അതിനിടെ ശരീരവേദന അനുഭവപ്പെടുന്നതായും പനിക്കുന്നതായും സൂര്യജിത്ത് പറഞ്ഞു. മഴയത്ത്‌ വാഹനം ഓടിച്ചത് കൊണ്ടായിരിക്കുമെന്ന് കരുതി ഇത് കാര്യമാക്കിയില്ല. ഞങ്ങള്‍ എല്ലാവര്‍ക്കും ശരീരവേദന ഉണ്ടായിരുന്നു, പിന്നെ എല്ലാവരും ഉറങ്ങാന്‍ പോയി' - സ്വരൂപ് പറയുന്നു. അടുത്ത ദിവസം രാവിലെ സൂര്യജിത്ത് അമ്മയെ ഫോണില്‍ വിളിച്ചതായും ഇത് മകന്റെ അവസാന വിളിയായിരുന്നുവെന്നും അച്ഛന്‍ രമേശന്‍ കണ്ണീരോടെ പറയുന്നു.

സെപ്റ്റംബര്‍ രണ്ടിന് തിരിച്ചുവരാനാണ് ഉദ്ദേശിച്ചിരുന്നത്. രാവിലെ സൂര്യജിത്തിന്റെ പനി കൂടി. വിറയ്ക്കാനും തുടങ്ങി. ഷക്കീൽ ക്ലിനിക്കിലെ ഡോക്ടറെ വിളിച്ചു. ഗ്ലൂക്കോസ് വെള്ളം കൊടുക്കാന്‍ ഡോക്ടര്‍ പറഞ്ഞതായി സ്വരൂപ് പറയുന്നു.

സൂര്യജിത്തിന് ഗ്ലൂക്കോസ് നല്‍കി. ഉച്ചയ്ക്ക് ഭക്ഷണത്തിന് ചിക്കന്‍ ബിരിയാണിയും വാങ്ങി നല്‍കി. ബിരിയാണി കഴിച്ചാല്‍ ഉഷാറാവുമെന്നാണ് കരുതിയത്. എന്നാല്‍ ഭക്ഷണം മുഴുവനായി ഛര്‍ദ്ദിച്ചുകളഞ്ഞു. ഇതോടെ സൂര്യജിത്തിനെ ആശുപത്രിയില്‍ കൊണ്ടുപോകേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു. ആദ്യം ഷക്കീലിന്റെ ക്ലിനിക്കിലാണ് കൊണ്ടുപോയത്. കൈ വിറ കൂടിയതോടെ കുത്തിവെയ്പ് എടുക്കാന്‍ സാധിച്ചില്ലെന്നും സ്വരൂപ് പറയുന്നു.

ഡോക്ടറുടെ നിര്‍ദേശപ്രകാരം സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോയി. തങ്ങള്‍ എല്ലാവരും ആശുപത്രിയുടെ പുറത്ത് കാത്തുനില്‍ക്കുമ്പോള്‍, സൂര്യജിത്തിന്റെ അമ്മ തുടര്‍ച്ചയായി ഫോണ്‍ വിളിച്ചു. എന്തു പറയണമെന്ന് അറിയാതെ തങ്ങള്‍ കുഴങ്ങിയതായും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

അന്ന് രാവിലെ വിളിച്ചതിന് ശേഷം സൂര്യജിത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് ശോഭ പറയുന്നു. കൂട്ടുകാരെ വിളിച്ചപ്പോള്‍ തങ്ങള്‍ ഷോപ്പിങ്ങിന് പുറത്താണെന്നും സൂര്യജിത്ത് മുറിയില്‍ ഉണ്ടെന്നും അവര്‍ പറഞ്ഞു. പിന്നീട് വിളിച്ചപ്പോള്‍ തങ്ങള്‍ മുറിയില്‍ ഉണ്ടെന്നും സൂര്യജിത്ത് ഭക്ഷണം വാങ്ങാന്‍ പുറത്തുപോയതായും അവര്‍ പറഞ്ഞതായും ശോഭ പറയുന്നു.

അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍

അന്ന് സൂര്യജിത്തിന്റെ വീട്ടുകാരോട് നുണ പറയേണ്ടി വന്നതായി അന്നത്തെ കാര്യങ്ങള്‍ ഓര്‍ത്തെടുത്ത് കൊണ്ട് സ്വരൂപ് പറയുന്നു. പനി മാത്രമാണെന്നും ഡ്രിപ്പ് കൊടുത്താല്‍ അസുഖം വേഗം ഭേദമാകുമെന്നാണ് കരുതിയത്. ഇക്കാര്യം പറഞ്ഞ് വീട്ടുകാരെ ഭയപ്പെടുത്തേണ്ട എന്ന് കരുതിയാണ് നുണ പറഞ്ഞതെന്നും സ്വരൂപ് വെളിപ്പെടുത്തുന്നു. 

ഉടനെ തന്നെ വിദഗ്ധ ചികിത്സയ്ക്കായി തൊട്ടടുത്തുള്ള ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു. തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ഇഞ്ചക്ഷന്‍ നല്‍കിയതായുമാണ് ആദ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ രക്തം കട്ടപിടിച്ചതല്ലെന്നും രക്തസ്രാവമാണ് ആരോഗ്യസ്ഥിതി മോശമാകാന്‍ കാരണമെന്നുമാണ് ഫാദര്‍ മുള്ളര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. തെറ്റായ ഇഞ്ചക്ഷന്‍ നല്‍കിയതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്വരൂപ് ആരോപിക്കുന്നു.

സൂര്യജിത്തിന്റെ പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ക്രമാതീതമായി താഴുന്നതായാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാരെ വിളിച്ചറിയിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് സ്വരൂപ് പറയുന്നു. സെപ്റ്റംബര്‍ രണ്ടിന്
രാത്രി പത്തുമണിക്കാണ് വീട്ടുകാരെ വിളിച്ച് അറിയിച്ചത്. ഡെങ്കിപ്പനി ബാധിച്ച് മകന്‍ ആശുപത്രിയിലാണെന്നാണ് കൂട്ടുകാര്‍ വിളിച്ചറിയിച്ചതെന്ന് ശോഭയും രമേശനും പറയുന്നു.

പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം കുറയുന്നു എന്ന് പറഞ്ഞതല്ലാതെ, ഡെങ്കിപ്പനിയാണ് എന്ന് വീട്ടുകാരെ വിളിച്ച് പറഞ്ഞിട്ടില്ലെന്ന് കൂട്ടുകാര്‍ പറയുന്നു. അന്ന് സൂര്യജിത്തിനെ ബാധിച്ച അസുഖം എന്തെന്ന് അറിയില്ലായിരുന്നുവെന്ന് സ്വരൂപ് പറയുന്നു. പ്ലേറ്റ്‌ലേറ്റുകളുടെ എണ്ണം ക്രമാതീതമായി താഴുന്നു എന്ന് കേട്ട സൂര്യജിത്തിന്റെ വീട്ടുകാര്‍ അത് ഡെങ്കിപ്പനി കൊണ്ടായിരിക്കുമെന്ന നിഗമനത്തില്‍ എത്തിയതാകാമെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

അര്‍ദ്ധരാത്രിയില്‍ ആശുപത്രിയില്‍ നിന്ന് ഒരു കോള്‍ വന്നു. കുട്ടിയുടെ ആരോഗ്യനില മോശമാണെന്നും ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേറിലേക്ക് മാറ്റാന്‍ അനുവാദം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കോള്‍ എത്തിയത്. തുടര്‍ന്ന് മംഗളൂരുവിലേക്ക്് പോകാന്‍ തീരുമാനിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ തങ്ങള്‍ അവിടെ എത്തി. അതിന് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. പിറ്റേദിവസം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മകന്‍ മരിച്ചതായി അച്ഛന്‍ രമേശന്‍ കണ്ണീരോടെ പറയുന്നു.

മകന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ എല്ലാവരും ആവശ്യപ്പെട്ടു. എന്നാല്‍ അന്നത്തെ മാനസികാവസ്ഥയില്‍ മകന്റെ ശരീരം കീറിമുറിയ്ക്കുന്നത് ആലോചിക്കാന്‍ കഴിയാതെ പോസ്റ്റ്‌മോര്‍ട്ടം വേണ്ട എന്ന് പറഞ്ഞു. ഇപ്പോള്‍ അന്ന് എടുത്ത തീരുമാനം തെറ്റായി പോയെന്ന് തോന്നുന്നതായും രമേശന്‍ പറയുന്നു.

ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ സൂര്യജിത്തിന്റെ മേല്‍വിലാസം കൂട്ടുകാര്‍ തെറ്റായാണ് നല്‍കിയത്. എറണാകുളത്ത് എവിടെയോ ആണ് എന്നാണ് മേല്‍വിലാസമായി നല്‍കിയത്. ആശുപത്രിയിലെ ചികിത്സയ്ക്കായി 37000 രൂപ ചെലവഴിച്ചു എന്നാണ് കൂട്ടുകാര്‍ പറഞ്ഞത്. എന്നാല്‍ പരിശോധിച്ചപ്പോള്‍ വെറും 2000 രൂപ മാത്രമാണ് ചെലവഴിച്ചതെന്ന് കണ്ടെത്തിയതായും രമേശന്‍ പറയുന്നു. മകന്‍ ധരിച്ചിരുന്ന ഷര്‍ട്ടും ട്രൗസറും കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുനല്‍കിയത്. ഷോര്‍ട്‌സും ടീഷര്‍ട്ടും തിരിച്ചുലഭിച്ചില്ല. കിട്ടിയ വസ്ത്രങ്ങള്‍ തന്നെ കഴുകിയ നിലയിലായിരുന്നു  എന്നും രമേശന്‍ പറയുന്നു.

ഐസിയു ബെഡിന് വാടക ഇനത്തില്‍ 37000 രൂപ വേണ്ടി വരുമെന്നാണ് ആദ്യത്തെ ആശുപത്രി പറഞ്ഞത്. കൂട്ടുകാരന്‍ ആശുപത്രിയിലായ ടെന്‍ഷനില്‍ സൂര്യജിത്തിന്റെ വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ ആശയക്കുഴപ്പം സംഭവിച്ചതാണെന്ന് മിഥുന്‍ പറയുന്നു. ഷക്കീലാണ് എറണാകുളത്തെ മേല്‍വിലാസം നല്‍കിയത്. വീട്ടുകാര്‍ അറിയിച്ച് ഭയപ്പെടുത്തേണ്ട എന്ന് കരുതിയാണ് അന്ന് അങ്ങനെ പറഞ്ഞതെന്നും മിഥുന്‍ വിശദീകരിക്കുന്നു. 

ഛര്‍ദ്ദിച്ചതിനെ തുടര്‍ന്ന് സൂര്യജിത്തിന്റെ ഷോര്‍ട്‌സും ടീഷര്‍ട്ടും ഉപേക്ഷിക്കുകയായിരുന്നു. ചിലര്‍ പറയുന്നു വണ്ടിയില്‍ നിന്ന് വീണ് സൂര്യജിത്തിന്റെ തലയ്ക്ക് പരിക്കേറ്റു എന്ന്. എന്നാല്‍ സൂര്യജിത്തിന്റെ ശരീരത്തിന്റെ പുറത്ത് പരിക്കേറ്റ ഒരു പാടുമില്ല. ഇക്കാര്യം ഡോക്ടര്‍മാര്‍ പറഞ്ഞതായും സ്വരൂപ് പറയുന്നു. വീട്ടുകാരെ ഭയപ്പെടുത്താതിരിക്കാനാണ് നുണ പറഞ്ഞത്. എന്നാല്‍ ഈ നുണകള്‍ ഇപ്പോള്‍ തങ്ങളെ വേ്ട്ടയാടുന്നതായും സ്വരൂപ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com