എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷം; എഐഎസ്എഫ് നേതാക്കളെ മര്‍ദിച്ചതില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് ഇല്ലെന്ന് മന്ത്രി ആര്‍ ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 09:56 PM  |  

Last Updated: 21st October 2021 09:56 PM  |   A+A-   |  

dr_r_bindhu

ഡോ.ആര്‍ ബിന്ദു/ഫെയ്‌സ്ബുക്ക്‌


തിരുവനന്തപുരം: എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എഐഎസ്എഫ് നേതാക്കളെ മര്‍ദിച്ചതില്‍ തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്‌ഐ നേതാവുമുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു.തന്റെ ഓഫീസിനെ അനാവശ്യമായി വാര്‍ത്തയിലേക്ക് വലിച്ചിഴയ്ക്കുംമുമ്പ് വാസ്തവം ആരായാന്‍ ശ്രമിക്കാത്ത മാധ്യമരീതി ഖേദകരമാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. 

എംജി സര്‍വകലാശാലയിലെ സെനറ്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്നതായി പറയുന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ അടിസ്ഥാനമില്ലാതെ ഉന്നതവിദ്യാഭ്യാസ വകുപ്പിനെ ബന്ധിപ്പിച്ചുകൊണ്ടാണ് ചില  മാധ്യമവാര്‍ത്തകള്‍. വാര്‍ത്തയില്‍ പ്രചരിപ്പിച്ച പേരിലുള്ള സ്റ്റാഫ് അംഗം തന്റെ ഓഫീസില്‍ ഇല്ല. വസ്തുതാപരമായ തെറ്റ് ചൂണ്ടിക്കാട്ടുമ്പോള്‍ തിരുത്തുന്നതാണ് മാധ്യമധര്‍മ്മം. അത്  ചെയ്യാതിരിക്കുന്നത് ദുരുദ്ദേശപരമാണ്; അപലപനീയവുമാണ്  - മന്ത്രി ഡോ. ആര്‍ ബിന്ദു വ്യക്തമാക്കി.

മന്ത്രി ആര്‍ ബിന്ദുവിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായ എസ്എഫ്ഐ നേതാവ് കെ എം അരുണും തങ്ങളെ മര്‍ദിക്കാനുണ്ടായിരുന്നു എന്ന് എഐഎസ്എഫ് നേതാക്കള്‍ ആരോപിച്ചു എന്നായിരുന്നു വാര്‍ത്ത. 

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ എഐഎസ്എഫ് വനിതാ നേതാവിന്റെ പരാതി

എംജി യൂണിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനിടെ നടന്ന സംഘര്‍ഷത്തിന് പിന്നാലെ എസ്എഫ്ഐ നേതാക്കള്‍ക്ക് എതിരെ പരാതിയുമായി എഐഎസ്എഫ് വനിതാ നേതാവ്. എസ്എഫ്ഐ എറണാകുളം ജില്ലാ നേതാക്കളായ ആര്‍ഷോ, അമല്‍, പ്രജിത്ത് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് എതിരെയാണ് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം പരാതി നല്‍കിയിരിക്കുന്നത്.

കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ദേഹത്ത് കടന്നുപിടിച്ചു. ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. വസ്ത്രം വലിച്ചു കീറാനുള്ള ശ്രമം നടന്നു. തലയ്ക്കു പുറകിലും കഴുത്തിനു പുറകിലും അടിച്ചു. നടുവിന് ചവിട്ടിയെന്നും എഐഎസ്എഫ് വനിതാ നേതാവ് പറഞ്ഞു.

മഹാത്മാഗാന്ധി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ പാനലിന് എതിരെ എഐഎസ്എഫ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതിനെ ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. തെരഞ്ഞെടുപ്പിന് എത്തിയ എഐഎസ്എഫ് നേതാക്കളെ ക്യാമ്പസിനുള്ളില്‍ വെച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.