'പട്ടികയുടെ പേരിൽ ആരും തെരുവിൽ ഇറങ്ങേണ്ടി വരില്ല; എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകി'- കെ സുധാകരൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 10:10 PM  |  

Last Updated: 21st October 2021 10:11 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍ ചിത്രം

 

കണ്ണൂർ: സാമുദായിക സമവാക്യങ്ങളും ​ഗ്രൂപ്പുകളും പരി​ഗണിച്ചാണ് കെപിസിസി ഭാരവാഹിപ്പട്ടിക പുറത്തിറക്കിയതെന്ന് പ്രസിഡന്റ് കെ സുധാകരൻ. എ, ഐ ഗ്രൂപ്പുകളിലുള്ളവരാണ് പട്ടികയിലുള്ളതെന്നും സുധാകരൻ പറഞ്ഞു. പാർട്ടിക്കകത്ത് അസംതൃപ്തി ഉള്ളവർ ഉണ്ടാകാമെന്ന് പറഞ്ഞ സുധാകരൻ പട്ടികയുടെ പേരിൽ ആരും തെരുവിലിറങ്ങേണ്ടി വരില്ലെന്നും പാർട്ടിയാണ് വലുതെങ്കിൽ ആരും തീരുമാനത്തിന് എതിരേ വരില്ലെന്നും വ്യക്തമാക്കി.

'കെസി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല'

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയോടും രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയാണ് പട്ടിക തയ്യാറാക്കിയത്. കെസി വേണുഗോപാൽ ലിസ്റ്റിൽ ഇടപെട്ടില്ല. ഗ്രൂപ്പിൽ ഉള്ളവർ തന്നെയാണ് പട്ടികയിലുള്ളത്. എന്നാൽ നേതാക്കളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം കഴിവ് തന്നെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  

സ്ത്രീ- സാമുദായിക സംവരണമടക്കം എല്ലാ വിഭാഗത്തിനും മതിയായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. കേരളത്തിൽ നിന്നു നൽകിയ പട്ടികയിൽ ഹൈക്കമാൻഡ് ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പട്ടികയ്ക്ക് എതിരെ എതിർപ്പുകൾ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും സുധാകരൻ വ്യക്തമാക്കി. 

സ്ത്രീകൾ വൈസ് പ്രസിഡന്റുമാരായി വേണമെന്ന് നിർബന്ധമില്ലെന്നും സെക്രട്ടിമാരുടെ പട്ടിക വരുമ്പോൾ കൂടുതൽ സ്ത്രീ പ്രാതിനിധ്യമുണ്ടാകുമെന്നും സുധാകരൻ വിശദീകരിച്ചു. രമണി പി നായരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിലെ ചില കാരണങ്ങൾ രമണിയുടെ പേര് പിൻവലിക്കാൻ കാരണമായി. സുമ ബാലകൃഷ്ണൻ പാർട്ടിയിൽ സജീവമാകാൻ പറ്റുന്ന സാഹചര്യത്തിൽ ഇല്ല. പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും എ വി ഗോപിനാഥ് പാർട്ടിക്കൊപ്പമാണെന്നും സുധാകരൻ അവകാശപ്പെട്ടു.