വനിതാ ഡോക്ടറെ നടുറോഡില്‍ വെച്ച് കഴുത്ത് ഞെരിച്ച് കൊല്ലാന്‍ യുവാവിന്റെ ശ്രമം, രക്ഷക്കെത്തിയത് നാട്ടുകാര്‍; പരാതിയില്ലെന്ന് യുവതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st October 2021 08:46 AM  |  

Last Updated: 21st October 2021 08:46 AM  |   A+A-   |  

rape complaint against police

പ്രതീകാത്മക ചിത്രം


പാറശാല: വനിതാ ഡോക്ടറെ നടുറോഡിൽ നട്ടുച്ചയ്ക്ക് കഴുത്ത് ഞെരിച്ചു കെ‍ാലപ്പെടുത്താൻ യുവാവിന്റെ ശ്രമം. നാട്ടുകാരുടെ ഇടപെടലിലാണ് യുവതി രക്ഷപെട്ടത്.  ഉദിയൻകുളങ്ങരയ്ക്കു സമീപം കോളജ് റോഡിൽ ആണ് സംഭവം.

റോഡരിൽ കാർ പാർക്ക് ചെയ്ത് യുവതി പുറത്തിറങ്ങിയ സമയം പിന്നിൽ നിന്ന് യുവാവ് പാഞ്ഞെത്തുകയായിരുന്നു. യുവതിയെ എടുത്തുയർത്തി എതിർവശത്തുള്ള കടയുടെ പടിയിലേക്ക് തള്ളി വീഴ്ത്തുകയും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുക‌യും ചെയ്തു. നാട്ടുകാർ  വലിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും യുവാവ് കഴുത്തിലെ പിടിത്തം വിട്ടില്ല.

യുവതിയുടെ കണ്ണുകൾ തുറിച്ച് ശ്വാസം നിലച്ച് നില ഗുരുതരമായതോടെ കൂടുതൽ പേരെത്തി യുവതിയെ മോചിപ്പിച്ചു. യുവാവിന്റെ കൈകാലുകൾ  കെട്ടിയിടുകയും ചെയ്തു.  യുവാവ് ഗുളിക കഴിച്ചെന്നും ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും യുവതി പറയുന്നുണ്ടായിരുന്നു. പാറശാല പെ‍ാലീസെത്തി യുവാവിനെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. 

യുവതിക്ക് പരിചയമുള്ള ആളാണ് അക്രമം നടത്തിയ കോട്ടുകാൽ സ്വദേശിയായ യുവാവ് എന്ന് പൊലീസിന് വ്യക്തമായി. സംഭവത്തിന് അൽപം മുൻപ്  ഇരുവരും കാറിൽ ഇരുന്ന് സംസാരിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.  യുവാവിന് മാനസിക അസ്വാസ്ഥ്യം ഉള്ള വ്യക്തിയാണെന്നും പരാതി നൽകാൻ താൽപര്യം ഇല്ലെന്നുമാണ്  യുവതിയുടെ നിലപാട്. പെ‍ാലീസ് കേസ് എടുത്തിട്ടില്ല.