ചക്രവാതച്ചുഴി കന്യാകുമാരിക്ക് മുകളില്‍, ന്യൂനമര്‍ദ പാത്തി കര്‍ണാടക വരെ ; കേരളത്തില്‍ 26 വരെ അതിശക്ത മഴയ്ക്ക് സാധ്യത ; മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2021 03:22 PM  |  

Last Updated: 22nd October 2021 03:22 PM  |   A+A-   |  

heavy rain alert in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : ചക്രവാതച്ചുഴിയുടേയും തുടര്‍ന്നുള്ള ന്യൂനമര്‍ദപാത്തിയുടേയും സ്വാധീനഫലമായി കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് 26 വരെ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 

ശക്തമായ മഴ

ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്ന് ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം.

നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം ജില്ലകളിലും, ഞായറാഴ്ച  പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴ മുന്നറിയിപ്പുണ്ട്. 

ചക്രവാതചുഴി

കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതചുഴി നിലവിൽ കോമോരിൻ (തമിഴ്നാടിന്റെ തെക്കേ അറ്റം) മുകളിൽ സ്ഥിതി ചെയ്യുന്നു. ചക്രവാതചുഴിയിൽ നിന്ന് മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരം വരെ ഒരു ന്യൂനമർദ പാത്തി നിലനിൽക്കുന്നു.  ഇതിന്റെ സ്വാധീനത്തിൽ കേരളത്തിൽ ഈ മാസം 26 വരെ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

അടുത്ത മൂന്നു മണിക്കൂറിൽ  കേരളത്തിലെ  പത്തനംതിട്ട ജില്ലയിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ  ഇടിയോടികൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും  സാധ്യതയുണ്ടെന്നും വൈകീട്ട് മൂന്നുമണിക്ക് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.