സ്ത്രീത്വത്തെ അപമാനിച്ചു; ജാതി അധിക്ഷേപം നടത്തി; വനിതാ നേതാവിനെ ആക്രമിച്ച എസ്എഫ്‌ഐക്കാര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2021 04:31 PM  |  

Last Updated: 22nd October 2021 04:31 PM  |   A+A-   |  

aisf-_sfi

എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ - എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുന്നു

 

കോട്ടയം: എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച കേസില്‍ ഏഴ് പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്. സ്ത്രീത്വത്തെ അപമാനിക്കല്‍, ജാതി അധിക്ഷേപം എന്നീ വകുപ്പുകളിലാണ് കേസ്. എംജി യൂണിവേഴ്‌സിറ്റി സെനറ്റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. 

എസ്എഫ്‌ഐ നേതാക്കളില്‍ നിന്ന് നേരിട്ടത് ലൈംഗികാതിക്രമമെന്ന് എഐഎസ്എഫ് പ്രവര്‍ത്തക മൊഴി നല്‍കി. ശരീരത്തില്‍ കടന്നുപിടിച്ച് നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

എറണാകുളം എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, വിദ്യാഭ്യാസമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫായ കെഎം അരുണ്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് കേസ് എടുത്തിരുന്നത്. സെനറ്റ് തെരഞ്ഞടുപ്പിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എഐഎസ്എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. എസ്എഫ്‌ഐക്കാര്‍ക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പാര്‍ട്ടി പിന്തുണ അറിയിച്ചതായും വനിതാ നേതാവ് പറഞ്ഞു. വനിതാ കമ്മീഷന് പരാതി നല്‍കുന്നത് ആലോചിക്കുമെന്നും പെണ്‍കുട്ടി പറഞ്ഞു.