കോവിഡ് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെട്ടു, ഗെയിം കളിച്ച് ലക്ഷങ്ങള്‍ തുലച്ചു, കടം വിട്ടാന്‍ മാലപൊട്ടിക്കാന്‍ ഇറങ്ങിയ യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 08:55 AM  |  

Last Updated: 23rd October 2021 08:55 AM  |   A+A-   |  

robbery in aluva

പ്രതീകാത്മക ചിത്രം


കോഴിക്കോട്: ഓൺലൈൻ ഗെയിം കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത വന്നതോടെ കടം തീർക്കാനായി ബൈക്കിലെത്തിച്ച് മാല പൊട്ടിക്കല്‍ ഇറങ്ങി യുവാവ്.  മൂന്നു സ്ഥലങ്ങളിലായി ബൈക്കിലെത്തി മാലപൊട്ടിച്ചിരുന്നു. ഒടുവിൽ പന്നിയങ്കര പൊലീസിന്റെ പിടിയിൽ വീണു. കണ്ണഞ്ചേരി അറയിൽ വീട്ടിൽ എവി അനൂപ്(31) ആണ് പൊലീസ് പിടിയിലായത്. 

ഒക്ടോബർ 19ന് മാനാരി സ്വദേശിനിയുടെ മാല സ്കൂട്ടറിൽ എത്തി പൊട്ടിക്കുകയായിരുന്നു.  പന്നിയങ്കര പോലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വാഹനത്തിന്റെ നമ്പർ അവ്യക്തമായിരുന്നു. എന്നാൽ സൈബർ പോലീസിന്റെ സഹായത്തോടെ നമ്പർ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകീട്ടോടെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്തു. 

പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് അതേ ദിവസം തന്നെ ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു സ്ത്രീയുടെ മാലപൊട്ടിക്കുകയും അടുത്തദിവസം പന്തീരാങ്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടുപവന്റെ സ്വർണമാല പിടിച്ചുപറിച്ചതായും സമ്മതിച്ചത്. ഓൺലൈൻ ​ഗെയിമുകൾ കളിച്ച് വന്ന കടബാധ്യത തീർക്കാനായിരുന്നു പിടിച്ചുപറി. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈൻ വിതരണ സ്ഥാപനത്തിലെ തൊഴിൽ നഷ്ടപ്പെടുകയായിരുന്നു. ഇതോടെ സ്ഥിരമായി ഓൺലൈൻ ഗെയിമുകൾ കളിക്കുകയായിരുന്നെന്ന് പ്രതി പറഞ്ഞു. കൈയിലുണ്ടായ പണമെല്ലാം തീർന്നപ്പോൾ പരിചയക്കാരോടും ഗെയിമിലൂടെ പരിചയപ്പെട്ടയാളുകളുടെ കൈയിൽ നിന്നും കടം വാങ്ങി. 

രണ്ടുവർഷത്തിനിടെ മൂന്നുലക്ഷം രൂപയാണ് ഓൺലൈൻ ​ഗെയിം കളിച്ച് കടമായത്. കടം വാങ്ങിയവർ പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ നിവൃത്തിയില്ലാതെ മാലപ്പൊട്ടിക്കാൻ ഇറങ്ങുകയായിരുന്നു എന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്.