സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതല്‍ ; ആദ്യമെത്തുക അന്യഭാഷാ ചിത്രങ്ങള്‍ ; സ്റ്റാര്‍ ആദ്യ മലയാള റിലീസ്  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd October 2021 04:43 PM  |  

Last Updated: 23rd October 2021 04:43 PM  |   A+A-   |  

star movie poster

പോസ്റ്ററുകള്‍ / ട്വിറ്റര്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കുമെങ്കിലും സിനിമാ പ്രദര്‍ശനം ബുധനാഴ്ച മുതലായിരിക്കുമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന. ആദ്യം ഇതരഭാഷാ സിനിമകളാകും തിയേറ്ററുകളിലെത്തുക. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ ജനറല്‍ ബോഡിയിലാണ് തീരുമാനം. 

ആദ്യം അന്യഭാഷാ ചിത്രങ്ങൾ

ജെയിംസ് ബോണ്ടിന്റെ നോ ടൈംസ് ടു ഡൈ, തമിഴ് ചിത്രം ഡോക്ടര്‍ എന്നിവയാകും ആദ്യമെത്തുക. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ പ്രദര്‍ശനം നടത്തുക.

പൃഥ്വിരാജ്-ജോജു ജോര്‍ജ് ചിത്രം സ്റ്റാര്‍ ആണ് തിയേറ്ററിലെത്തുന്ന ആദ്യ മലയാള സിനിമ. വെള്ളിയാഴ്ചയാണ് ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്ത 'സ്റ്റാര്‍' തിയേറ്ററിലെത്തുക. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'കുറുപ്പ്' നവംബര്‍ 12 ന് തീയേറ്ററുകളിലെത്തും. 

മരയ്ക്കാര്‍

സുരേഷ് ഗോപി ചിത്രം 'കാവല്‍' നവംബര്‍ 25 നാണ് റിലീസ് ചെയ്യുന്നത്. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം 'മരയ്ക്കാര്‍' തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്നും ഫിയോക് ഭാരവാഹികള്‍ അറിയിച്ചു. 

പൃഥ്വിരാജ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. പൃഥ്വിരാജ് ചിത്രങ്ങള്‍ ഒടിടി ആയി റിലീസ് ചെയ്യുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഏതാനും പേര്‍ ഈ ആവശ്യം ഉയര്‍ത്തിയത്. 

നികുതിയിളവ്  വേണം

സംസ്ഥാനത്തെ മുഴുവൻ തിയേറ്ററുകളും തിങ്കളാഴ്ച തുറക്കാൻ ഇന്നലെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ തീരുമാനമായിരുന്നു. നികുതിയിളവ് ആവശ്യം പരിഗണിക്കാമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. മറ്റു പല സംസ്ഥാനങ്ങളും 100 ശതമാനം സീറ്റിങ് കപ്പാസിറ്റി അനുവദിച്ച സാഹചര്യത്തിൽ കേരളത്തിലും അത് അനുവദിക്കണമെന്നും സംഘടന സർക്കാരിനോടു ആവശ്യപ്പെട്ടിടുണ്ട്.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളും തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ അനുഭാവപൂർവം  പരി​ഗണിക്കാമെന്ന് മന്ത്രി സംഘടനാഭാരവാഹികൾക്ക് ഉറപ്പ് നൽകി.