മികച്ച നഗര ഗതാഗത സംവിധാനം; കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡ് കേരളത്തിന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 02:52 PM  |  

Last Updated: 24th October 2021 02:52 PM  |   A+A-   |  

Metro_Kochi_new1_760x400

കൊച്ചി മെട്രോ/ഫയല്‍

 

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മികച്ച സുസ്ഥിര നഗര ഗതാഗത സംവിധാനത്തിനുള്ള 'സിറ്റി വിത്ത് ദി മോസ്റ്റ് സസ്‌റ്റെയിനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം' അവാര്‍ഡ് കേരളത്തിന് ലഭിച്ചെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചു. നഗര ഗതാഗത മേഖലയിലെ മികവിന് കേന്ദ്ര സര്‍ക്കാരിന്റെ ഭവന-നഗരകാര്യ മന്ത്രാലയം ഏര്‍പ്പെടുത്തിയ അവാര്‍ഡാണിത്. 

കൊച്ചിമെട്രോ, വാട്ടര്‍മെട്രോ, ഇ-മൊബിലിറ്റി തുടങ്ങിയ സംവിധാനങ്ങളിലൂടെ കൊച്ചി നഗരത്തിലെ ഗതാഗത സൗകര്യം വര്‍ദ്ധിപ്പിക്കുവാന്‍ നടപ്പിലാക്കിയ പദ്ധതികള്‍ കണക്കിലെടുത്താണ് പുരസ്‌കാരം ലഭിച്ചത്. വിവിധ ഗതാഗത സൗകര്യങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സംയോജിപ്പിച്ച കൊച്ചി ഓപ്പണ്‍ മൊബിലിറ്റി നെറ്റുവര്‍ക്കിന്റെ രൂപീകരണം പുരസ്‌കാരം ലഭിക്കുന്നതിന് സഹായകരമായതായി മന്ത്രി പറഞ്ഞു.  

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ഗതാഗത സൗകര്യം വിലയിരുത്തിയാണ് ഈ അവാര്‍ഡ് നല്‍കുന്നത്. ഒക്ടോബര്‍ 29ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഹൗസിങ്ങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്‌സ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി അവാര്‍ഡ് വിതരണം ചെയ്യും.