ഷിജു ഖാനെ വിളിച്ചുവരുത്തി വനിതാശിശു വികസന വകുപ്പ് ഡയറക്ടര്‍; കുഞ്ഞിനെ ദത്ത് നല്‍കിയത് നിയമപരമായെന്ന് വിശദീകരണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 05:37 PM  |  

Last Updated: 24th October 2021 05:37 PM  |   A+A-   |  

anupama-shiju_khan

അനുപമ, ഷിജു ഖാന്‍


തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വനിതാശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി വി അനുപമ വിളിച്ചുവരുത്തി. വിദശദീകരണം ചോദിച്ചതായാണ് വിവരം. നിയമപരമായ നടപടികളാണ് നടന്നിട്ടുള്ളതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശിശുക്ഷേമ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ ഒട്ടേറെ കാര്യങ്ങളില്‍ അവ്യക്തത നിലനിന്നിരുന്നു. ഇക്കാര്യങ്ങളില്‍ വീശദീകരണം ആരായുന്നതിനാണ് ഷിജുഖാനെ വിളിച്ചുവരുത്തിയത്. കുഞ്ഞിന് ജന്മം നല്‍കിയ ആള്‍ ജീവിച്ചിരിക്കെ ശിശുക്ഷേമ സമിതി എങ്ങനെ കുഞ്ഞിനെ മറ്റൊരു ദമ്പതികമാര്‍ക്ക് കുഞ്ഞിനെ ദത്ത് നല്‍കിയെന്നതാണ് പ്രധാനപ്പെട്ട ചോദ്യം. പരാതിയുമായി അമ്മ ശിശുക്ഷേമ സമിതിയെ സമീപിച്ചതിനുശേഷവും ദത്ത് നടപടികളുമായി മുന്നോട്ടുപോവുകയായിരുന്നു. 

കുഞ്ഞിനെ ലഭിച്ചതിനെ തുടര്‍ന്ന് ആണ്‍കുട്ടിയെ പെണ്‍കുട്ടി എന്ന് രേഖപ്പെടുത്തി, കുട്ടിയുടെ അച്ഛന്റെ പേര് മാറ്റി നല്‍കി എന്നിങ്ങനെയുള്ള പരാതികളും ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങളിലെല്ലാം ഷിജുഖാനോട് വിശദീകരണം ചോദിച്ചു എന്നാണ് സൂചന. ഇക്കാര്യത്തില്‍ വനിതാശിശു വികസന സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 

ദത്ത് നടപടികളുമായി ബന്ധപ്പെട്ട് നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് ഷിജുഖാന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഔദ്യോഗിക വിഷയമായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പതികരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍കൂര്‍ ജാമ്യം തേടി അനുപമയുടെ മാതാപിതാക്കള്‍

കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേരാണ് മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. നിലപാടറിയിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ച കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.

അതിനിടെ, കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തെറ്റെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.