അനധികൃത ദത്ത്: അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 03:18 PM  |  

Last Updated: 24th October 2021 03:19 PM  |   A+A-   |  

Illegal adoption case

അനുപമ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം:  കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ ആറുപേര്‍ മുന്‍കൂര്‍ ജാമ്യം തേടി. കുഞ്ഞിന്റെ അമ്മയായ അനുപമയുടെ മാതാപിതാക്കള്‍ അടക്കം ആറുപേരാണ്  മുന്‍കൂര്‍ ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചത്. നിലപാടറിയിക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ച കോടതി വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കും.

അതിനിടെ, കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസില്‍ അന്വേഷണത്തില്‍ വീഴ്ചയുണ്ടായില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് തെറ്റെന്ന് അനുപമ മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അനുപമ പറഞ്ഞു.

കുഞ്ഞിനെ അനധികൃതമായി ദത്തുനല്‍കിയ കേസ്

ഏപ്രിലില്‍ പരാതി നല്‍കിയില്ലെന്നാണ് പൊലീസ് പറയുന്നത് . എന്നാല്‍, ഏപ്രില്‍ 19നാണ് കുഞ്ഞിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ആദ്യ പരാതി നല്‍കിയത്. ഈ പരാതിയില്‍ ഒരു തവണ തന്റെ മൊഴി എടുത്തിരുന്നു. പിന്നീട് യാതൊരു പുരോഗതിയും ഉണ്ടായില്ല. അച്ഛന്‍ ജയചന്ദ്രനോട് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായില്ലെന്നാണ് പൊലീസ് പറഞ്ഞത്.

മുന്‍ ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റക്ക് പരാതി നല്‍കിയിരുന്നു. താനും ഡിവൈഎസ്പിയും അജിത്തും കൂടിയാണ് ബെഹ്‌റയെ കണ്ടത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് മുന്നോട്ടു പോകാനാണ് ഡിജിപി പറഞ്ഞത്. ഈ നിര്‍ദേശം ഡിവൈഎസ്പിക്കും നല്‍കി. ഇതിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ പൊലീസ് ചെയ്തിട്ടില്ല.

തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഈ പരാതി ലോക്കല്‍ സ്റ്റേഷനിലേക്ക് കൈമാറുന്നെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് പുരോഗതി അന്വേഷിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും മറ്റ് മാര്‍ഗത്തിലൂടെ അന്വേഷണത്തിന് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധപ്പെട്ടവരെ വിവരം അറിയിക്കാമെന്നാണ് ഇതിന് മറുപടി ലഭിച്ചത്.