മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണം; സ്റ്റാലിന് മുഖ്യമന്ത്രിയുടെ കത്ത് 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി  സ്റ്റാലിന് കത്തയച്ചു
പിണറായി, മുല്ലപ്പെരിയാര്‍ ഡാം
പിണറായി, മുല്ലപ്പെരിയാര്‍ ഡാം

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഡാമില്‍ നിന്ന് കൂടുതല്‍ ജലം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. നിലവിലെ അളവില്‍ നീരൊഴുക്ക് തുടര്‍ന്നാല്‍ ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരാന്‍ സാധ്യതയുണ്ട്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കേണ്ടി വന്നാല്‍ 24 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്നും മുഖ്യമന്ത്രി കത്തില്‍ ആവശ്യപ്പെട്ടു. 

ഒക്ടോബര്‍ 16 മുതല്‍ കേരളത്തിലുണ്ടായ പ്രളയം ജനങ്ങളുടെ സ്വത്തിനും ജീവനും വലിയ നാശനഷ്ടമാണ് വരുത്തിയത്. പല ഭാഗങ്ങളിലും രൂക്ഷമായ ഉരുള്‍പൊട്ടലും കനത്ത വെള്ളപ്പൊക്കവും മരണങ്ങളുമുണ്ടായി. മുല്ലപ്പെരിയാറില്‍ ഒക്ടോബര്‍ 18ന് ജലനിരപ്പ് 133.45 അടി ആയപ്പോള്‍  തമിഴ്‌നാട് അധികൃതരെ വിവരമറിയിച്ചിരുന്നു. അണക്കെട്ടിന്റെ  താഴ്ഭാഗത്ത് താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താനായിരുന്നു ഇത്. ഇടുക്കി റിസര്‍വോയറിലെ ചെറുതോണി അണക്കെട്ടിന്റെ  മൂന്ന് ഷട്ടറുകള്‍ തുറന്നു. അതിനു മുന്നോടിയായി ഇടമലയാര്‍ അണക്കെട്ടും തുറന്നു. 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ  ഇപ്പോഴത്തെ ഒഴുക്ക് 2109 സി എസ് ആണ്. പുറന്തള്ളല്‍ നില ഇരുപതാം തീയതിയിലെ കണക്കുപ്രകാരം 1750 സി എസും. ഇപ്പോഴത്തെ ഒഴുക്കിനൊപ്പം മഴ ശക്തമാകുമ്പോള്‍ റിസര്‍വോയര്‍ ലവല്‍ 142 അടിയില്‍ എത്തുമെന്ന് ഭയപ്പെടുകയാണ്. അതുകൊണ്ടാണ്  മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് തുരങ്കം വഴി തമിഴ്‌നാട്ടിലേക്ക് ക്രമേണ വെള്ളം തുറന്നു വിടണമെന്ന അടിയന്തര ആവശ്യമുയരുന്നത്. 

ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ അനുകൂല പ്രതികരണം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. കേരളവും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ജനങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധവും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com