സ്‌കൂളില്‍ ഒരു ഡോക്ടര്‍ വേണം, 27ന് പിടിഎ യോഗം, ഇഴ ജന്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കണം; നിര്‍ദേശവുമായി വിദ്യാഭ്യാസമന്ത്രി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 01:04 PM  |  

Last Updated: 24th October 2021 01:04 PM  |   A+A-   |  

SCHOOL OPENING

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട മാര്‍ഗരേഖ അനുസരിച്ചുള്ള നടപടികള്‍ 27ന് പൂര്‍ത്തികരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കണമെന്നും ശിവന്‍കുട്ടി അറിയിച്ചു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്് ഒന്നര കൊല്ലത്തിലേറെയായി സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. സ്‌കൂളുകള്‍ ശുചീകരിച്ചു ഇഴ ജന്തുക്കളുടെ സാന്നിധ്യം ഇല്ലെന്ന് ഉറപ്പാക്കണം. സ്‌കൂളുകളില്‍ സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍, ഓക്‌സിമീറ്റര്‍ എന്നിവ ഉണ്ടാകണം. അധ്യാപകര്‍ക്ക് ഓരോ ക്ലാസിന്റെയും ചുമതല നല്‍കണമെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.  

സ്‌കൂള്‍ തുറക്കല്‍

27ന് പിടിഎ യോഗം ചേര്‍ന്ന് ക്രമീകരണം വിലയിരുത്തണം. യോഗത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിക്കണം. ഉച്ച ഭക്ഷണം പാചകം ചെയ്യാനും വിതരണം ചെയ്യാനുമുള്ള ചുമതല നിശ്ചയിക്കണം. കുട്ടികള്‍ക്ക് ഹോമിയോ പ്രതിരോധ മരുന്നു കൊടുക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണം. ഒരു സ്‌കൂളില്‍ ഒരു ഡോക്ടറുടെ സേവനം എങ്കിലും ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. 

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാന്‍ ഓരോ സ്‌കൂളിലും സംവിധാനമുണ്ടാകണം. സ്‌കൂളിന്റെ പ്രധാന കവാടത്തില്‍ നിന്ന് അധ്യാപകരും തദ്ദേശസ്ഥാപന പ്രതിനിധികളും കുട്ടികളെ വരവേല്‍ക്കണം. സ്‌കൂള്‍ അന്തരീക്ഷം ആഹ്ലാദകരവും ആകര്‍ഷണീയവും ആക്കാനുള്ള ക്രമീകരണം ഉണ്ടാകണം.

മാര്‍ഗരേഖ

27ന് തന്നെ സ്‌കൂളില്‍ ഹെല്‍പ്പ് ലൈന്‍ സജ്ജമാക്കുകയും ഇതിന്റെ മേല്‍നോട്ടത്തിന് ഉത്തരവാദിത്തപ്പെട്ട വ്യക്തികളെ ചുമതലപ്പെടുത്തുകയും വേണം. സ്‌കൂള്‍ നില്‍ക്കുന്ന പരിധിയില്‍പ്പെട്ട പൊലീസ് സ്റ്റേഷനുമായി ഹെഡ്മാസ്റ്റര്‍മാരും പ്രിന്‍സിപ്പല്‍മാരും ആശയവിനിമയം നടത്തണം. സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഫിറ്റ്‌നസ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികളെ തൊട്ടടുത്ത സ്‌കൂളില്‍ പഠിപ്പിക്കാനാകുമോ എന്ന് പരിശോധിക്കണം. അക്കാദമിക മാര്‍ഗരേഖ രണ്ടുദിവസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കും. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗരേഖയാകുമിതെന്നും അദ്ദേഹം പറഞ്ഞു.