'പ്രായത്തെയും പാണ്ഡിത്യത്തെയും വണങ്ങുന്നു; സാനു മാഷ് ഇത്രയും നിരുത്തരവാദപരമായി പറയരുതായിരുന്നു'; കുറിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th October 2021 05:16 PM  |  

Last Updated: 24th October 2021 05:16 PM  |   A+A-   |  

sanu_mk

എംകെ സാനു

 


പുതിയ കാലത്തെ എഴുത്തുകാരെയും തലമുറയെയും പറ്റിയുള്ള എംകെ സാനുവിന്റെ പരാമര്‍ശത്തിനെതിരെ കഥാകൃത്തും എംഎന്‍ വിജയന്റെ മകനുമായ വിഎസ് അനില്‍കുമാര്‍.  'ഒരു ജീര്‍ണ്ണതയുടെ കാലമാണ്. എല്ലാ രംഗത്തും, സൃഷ്ടി രംഗത്തും അതാണ്.ഒ.വി.വിജയന്‍, ശ്രീരാമന്‍, മുകുന്ദന്‍ അവരുടെ നിലവാരത്തിലുള്ള എഴുത്തുകാര്‍ ഇന്നില്ല. എഴുത്തുകാര്‍ ധാരാളുണ്ട്. പക്ഷെ ഉയരങ്ങളിലേക്ക് പോകുന്നില്ല.ഫിക് ഷന്റെ കാര്യമെടുത്താലും അങ്ങിനെത്തന്നെ ഒ.വി.വിജയന്റെ ഖസാക്കിന്റെ ഇതിഹാസം,സേതുവിന്റെ പാണ്ഡവപുരം, മുകുന്ദന്റെ മയ്യഴി അതുപോലെ ഒന്നും എഴുതാന്‍ കഴിയുന്നില്ല. ഇപ്പോള്‍ എങ്ങനെയോ ഉണ്ടാക്കി വെക്കുകയാണ്. ' എന്നാണ് സാനുമാസ്റ്റര്‍ സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിനെതിരെയാണ് വിഎസ് അനില്‍കുമാര്‍ അടക്കം നിരവധി എഴുത്തുകാര്‍ രംഗത്തെത്തിയത്.

ഈ അഭിപ്രായം വെച്ചു നോക്കുമ്പോള്‍ സാനുമാഷ് 1980 കളുടെ ആദ്യം തന്നെ കഥാ വായന നിര്‍ത്തി എന്നും അനുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ സങ്കടം കൂടുന്നു.അങ്ങനെ വായന നിര്‍ത്തിയില്ലായിരുന്നെങ്കില്‍ സാനു മാഷ് ഇത്രയും നിരുത്തരവാദപരമായി പറയില്ലായിരുന്നുവെന്നും അനില്‍ കുമാര്‍ കുറിപ്പില്‍ പറയുന്നു.

അനില്‍കുമാറിന്റെ കുറിപ്പിന് താഴെ വന്ന കമന്റുകളും ശ്രദ്ധേയമാണ്. ഇന്ദുലേഖക്ക് ശേഷവും നോവലുകളുണ്ടെന്ന് അംഗീകരിച്ചല്ലോ  അതു തന്നെ ഒരു വലിയ മനസ്സല്ലേ എന്നാണ് ഒരു കമന്റ്. മറ്റാരാള്‍ പറയുന്നത് ഇങ്ങനെ. സാനു മാഷ് പറഞ്ഞതില്‍ എന്താണ് തെറ്റ്. കുറെ പത്രതിപന്മാരും നിരൂപകരും ചേര്‍ന്ന് മനുഷ്യന് മനസിലാകാത്ത കഥകള്‍ പടച്ചുണ്ടാക്കി. വായനക്കാര്‍ അതൊക്ക വലിച്ചെറിഞ്ഞു. ഇപ്പോഴും എന്തുകൊണ്ട് കേസരി നായനാരും കാരൂറും തകഴിയും പൊന്‍കുന്നം വര്‍ക്കിയുമൊക്കെ വായിക്കപ്പെടുകയും പുതിയ കാലത്തെ എഴുത്തുകാര്‍ വായിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു എന്ന് ചിന്തിക്കണം.50000 കോപ്പി വിറ്റു എന്ന് ഘോഷിക്കുന്ന ഒരു നോവല്‍ ഒരു സുഹൃത്തിന്റെ വീട്ടില്‍ കണ്ടു. നോവല്‍ എങ്ങനെ എന്ന് ചോദിച്ചപ്പോള്‍ സുഹൃത്തിന്റെ മറുപടി വായിച്ചില്ലെന്നാണ്.വിവാദം ഉണ്ടായപ്പോള്‍ പുസ്തകം വാങ്ങി എന്ന് മാത്രം. നിരവധി പേരാണ് സാനുമാഷെ അനുകൂലിച്ചും രംഗത്തെത്തിയത്.

സമകാലിക മലയാളം വാരിക ഒക്ടോബര്‍ 25ന്റെ ലക്കത്തിലാണ് എംകെ സാനുവും കെവി ലീലയും തമ്മിലുള്ള അഭിമുഖം പ്രസിദ്ധീകരിച്ചത്‌