'പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി'; ദത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരുത്തി കോടിയേരി, വിശദീകരണം നല്‍കി

അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കി
'പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി'; ദത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരിത്തി കോടിയേരി, വിശദീകരണം നല്‍കി
'പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി'; ദത്ത് വിവാദത്തില്‍ ആനാവൂര്‍ നാഗപ്പനെ വിളിച്ചുവരിത്തി കോടിയേരി, വിശദീകരണം നല്‍കി


തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു നല്‍കിയെന്ന വിവാദത്തില്‍ സിപിഎം ജില്ലാഘടകം സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നല്‍കി. തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനെ പാര്‍ട്ടി സംസ്ഥാന നേതൃത്വം വിളിച്ചുവരുത്തി. ആനാവൂര്‍ നാഗപ്പന്‍ പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ കണ്ടു. ദത്തു നല്‍കിയതുമായി ബന്ധപ്പെട്ട് ആനാവൂര്‍ നാഗപ്പന്‍ ഇടപെടല്‍ നടത്തിയത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

അതേസമയം, പരാതിക്കാരി അനുപമ എസ് ചന്ദ്രന്റെ അച്ഛന്‍ ജയചന്ദ്രനെതിരെ സിപിഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റി നടപടിയെടുത്തില്ല. ഇന്നു ചേര്‍ന്ന ലോക്കല്‍ കമ്മറ്റി യോഗം വിഷയം ചര്‍ച്ച ചെയ്തില്ല. കേസിലെ പ്രതിയായ ജയചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. അനുപമയുടെ പങ്കാളി അജിത്തിന്റെ പിതാവ് കെ ബേബിയും യോഗത്തില്‍ ഉണ്ടായിരുന്നു. നടപടിക്ക് മേല്‍ഘടകത്തിന്റെ നിര്‍ദേശം കാത്തുനില്‍ക്കുകയാണ് പ്രാദേശിക നേതൃത്വമെന്നാണ് വിവരം. വൈകാതെ നടപടിയുണ്ടാകുമെന്നാണ് സൂചന.

കുഞ്ഞിനെ മാതാപിതാക്കള്‍ തട്ടിയെടുത്തുന്ന പരാമര്‍ശമില്ലാതെ അനുപമയുടെ ഹര്‍ജി

മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാമര്‍ശം എവിടെയും ഇല്ലാതെ കുടുംബക്കോടതിയില്‍ അനുപമയുടെ ഹര്‍ജി. പേരൂര്‍ക്കട പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബക്കോടതിയില്‍ കുട്ടിയെ വിട്ടുകിട്ടുന്നതിന് അനുപമ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ എവിടെയും തട്ടിക്കൊണ്ടുപോയി എന്ന പരാമര്‍ശമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദത്ത് നടപടികളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ അനുപമയുടെ കുട്ടിയെ ദത്ത് നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു. കാറില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അനുപമ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെകുട്ടിയെ വിട്ടുകിട്ടുന്നതിന് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എവിടെയും മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി എന്ന പാരമര്‍ശമില്ലാത്തത്. താത്കാലിക സംരക്ഷണത്തിനായി കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം കുട്ടിയെ ചോദിച്ചപ്പോള്‍ അറിയില്ല എന്നാണ് പറഞ്ഞത്. പിന്നീട് ശിശു ക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറിയെന്ന് അവര്‍ പറഞ്ഞു. ഇത് വിശ്വാസയോഗ്യമാണെന്നാണ് അനുപമയുടെ ഹര്‍ജിയില്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com