മാതാപിതാക്കള്‍ തട്ടിയെടുത്തിട്ടില്ലെന്ന് അനുപമയുടെ ഹര്‍ജി; കുഞ്ഞിനെ നല്‍കിയത് താത്കാലിക സംരക്ഷണത്തിന്, 'വിശ്വാസയോഗ്യം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th October 2021 05:50 PM  |  

Last Updated: 25th October 2021 05:51 PM  |   A+A-   |  

Anupama's plea

അനുപമ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: മാതാപിതാക്കള്‍ കുഞ്ഞിനെ തട്ടിയെടുത്തെന്ന പരാമര്‍ശം എവിടെയും ഇല്ലാതെ കുടുംബക്കോടതിയില്‍ അനുപമയുടെ ഹര്‍ജി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മാതാപിതാക്കള്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കുടുംബക്കോടതിയില്‍ കുട്ടിയെ വിട്ടുകിട്ടുന്നതിന് അനുപമ നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ എവിടെയും തട്ടിക്കൊണ്ടുപോയി എന്ന പരാമര്‍ശമില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദത്ത് നടപടികളില്‍ കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ നല്‍കിയ ഹര്‍ജിയിലാണ് ഇക്കാര്യം പറയുന്നത്. നേരത്തെ അനുപമയുടെ കുട്ടിയെ ദത്ത് നല്‍കുന്നതിനുള്ള തുടര്‍ നടപടികള്‍ കോടതി സ്‌റ്റേ ചെയ്തിരുന്നു. കാറില്‍ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി എന്നാണ് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അനുപമ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ അച്ഛന്‍ ജയചന്ദ്രന്‍ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. 

ഇതിന് പിന്നാലെ കുട്ടിയെ വിട്ടുകിട്ടുന്നതിന് കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ എവിടെയും മാതാപിതാക്കള്‍ തട്ടിക്കൊണ്ടുപോയി എന്ന പാരമര്‍ശമില്ലാത്തത്. താത്കാലിക സംരക്ഷണത്തിനായി കുട്ടിയെ മാതാപിതാക്കളെ ഏല്‍പ്പിക്കുകയായിരുന്നു. അതിന് ശേഷം കുട്ടിയെ ചോദിച്ചപ്പോള്‍ അറിയില്ല എന്നാണ് പറഞ്ഞത്. പിന്നീട് ശിശു ക്ഷേമ സമിതിക്ക് കുട്ടിയെ കൈമാറിയെന്ന് അവര്‍ പറഞ്ഞു. ഇത് വിശ്വാസയോഗ്യമാണെന്നാണ് അനുപമയുടെ ഹര്‍ജിയില്‍ പറയുന്നത്.