24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണം; മുല്ലപ്പെരിയാര്‍ ഡാം തുറന്നാല്‍  883 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും; 2018ലെ സാഹചര്യമില്ലെന്ന് കലക്ടര്‍

മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തതായും കലക്ടര്‍
ഇടുക്കി ജില്ലാ കലക്ടര്‍ വാര്‍ത്താ സമ്മേളനത്തിനിടെ
ഇടുക്കി ജില്ലാ കലക്ടര്‍ വാര്‍ത്താ സമ്മേളനത്തിനിടെ

ഇടുക്കി: മുല്ലപ്പരിയാര്‍ ഡാം തുറന്നാല്‍ 883 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കേണ്ടിവരുമെന്ന് ഇടുക്കി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്. ഡാം തുറക്കുന്നതിന് 24 മണിക്കൂര്‍ മുന്‍പ് മുന്നറിയിപ്പ് നല്‍കണമെന്നും ജില്ലാ കലക്ടര്‍ തമിഴ്‌നാട് സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. വണ്ടിപ്പെരിയാറില്‍ നടന്ന ഉന്നതതലയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 

2018ലെ പ്രളയവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്തരമൊരു അവസ്ഥ നിലവിലല്ലെന്നും. മാറ്റിപ്പാര്‍പ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ അതിനുള്ള മുന്നൊരുക്കങ്ങള്‍ ചെയ്തതായും കലക്ടര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാമില്‍ 137.6 അടി വെള്ളമാണ് ഉള്ളത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇപ്പോള്‍ മഴയുടെ ലഭ്യതയില്‍ കുറവുണ്ടായതായും കലക്ടര്‍ പറഞ്ഞു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പെരിയാര്‍ തീരത്തെ തദ്ദേശ സ്ഥാപന ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

മുല്ലപ്പെരിയാര്‍ ജലനിരപ്പ്് 138 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തില്‍ സ്പില്‍വേ വഴി ജലം ഒഴുക്കി വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജലവിഭവ വകുപ്പ് തമിഴ്നാട് സര്‍ക്കാരിന് കത്തു നല്‍കിയിരുന്നു. 

ജലനിരപ്പ് ഉയരുന്നു

തുലാവര്‍ഷം എത്തുമ്പോള്‍ ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ ഇടയുണ്ട്. അനിയന്ത്രിതമായ അളവില്‍ വെള്ളം തുറന്ന് വിടേണ്ട സാഹചര്യം ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടാത്തതിനാല്‍ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടില്ല.

സ്ഥിതി വിലയിരുത്താന്‍ മേല്‍നോട്ട സമിതി യോഗം

അതിനിടെ, മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയും ഇന്ന് യോഗം ചേരും. ഉച്ചയ്ക്ക് മൂന്നുമണിക്ക് ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്. ജലനിരപ്പ് എത്രവരെ ആകാമെന്ന് അറിയാക്കാന്‍ മേല്‍നോട്ട സമിതിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. കേരളത്തിലെയും തമിഴ്നാട്ടിലെയും ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, ഇരു സംസ്ഥാനങ്ങളിലെയും ചീഫ് എഞ്ചിനീയര്‍മാര്‍, കേന്ദ്ര ജലക്കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ അടിയന്തര നടപടി വേണമെന്ന് കേരളം ആവശ്യപ്പെടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com