'ഒരണ സമരത്തില്‍ എകെ ആന്റണിക്ക് ഒരു പങ്കുമില്ല'; കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 10:25 AM  |  

Last Updated: 26th October 2021 12:54 PM  |   A+A-   |  

G BALACHANDRAN ON AK ANTONY

ഇന്നലെയുടെ തീരത്ത് കവര്‍, എകെ ആന്റണി

 

തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ഥി സമൂഹത്തിനിടയില്‍ കെഎസ്‌യുവിന്റെ സ്വാധീനമുറപ്പിക്കുന്നതില്‍ നിര്‍ണായകമായ ഒരണാ സമരത്തില്‍ എകെ ആന്റണി പങ്കെടുത്തിട്ടില്ലെന്ന് വെളിപ്പെടുത്തല്‍. വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെ നേതൃനിരയില്‍ എത്തിച്ച ആ സമരത്തില്‍ എകെ ആന്റണിക്കു പങ്കൊന്നും ഉണ്ടായിരുന്നില്ലെന്ന്, കോണ്‍ഗ്രസ് നേതാവ് ജി ബാലചന്ദ്രന്‍ ആത്മകഥയായ ഇന്നലെയുടെ തീരത്തില്‍ പറയുന്നു. ഒരണ സമരത്തിലൂടെയാണ് താന്‍ പ്രക്ഷോഭ രംഗത്തേക്ക് ഇറങ്ങിയതെന്ന് ആന്റണി തന്നെ അവകാശപ്പെടുമ്പോഴാണ്, കോണ്‍ഗ്രസ് നേതാവിന്റെ വെളിപ്പെടുത്തല്‍.

ഒരണ സമരത്തെക്കുറിച്ചു പറയുമ്പോള്‍ വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി, പികെ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെക്കുറിച്ചാണ് ബാലചചന്ദ്രന്‍ ആത്മകഥയില്‍ പരാമര്‍ശിക്കുന്നത്. ആന്റണിയെ വിട്ടുപോയത് എന്തുകൊണ്ടെന്ന് ചോദിച്ചപ്പോള്‍, അദ്ദേഹം വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ലെന്ന് ബാലചന്ദ്രന്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് വിശദീകരിച്ചു.

''ചേര്‍ത്തല ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയായിരുന്നു ആന്റണി. ഞാന്‍ ആലപ്പുഴ എസ്ഡിവി സ്‌കൂളിലും. അന്നു സമരത്തില്‍ പങ്കെടുക്കാന്‍ വന്ന ഒരു സംഘത്തിലും ആന്റണിയെ കണ്ടിട്ടില്ല. ചേര്‍ത്തലയില്‍ പികെ കുര്യാക്കോസ് ആയിരുന്നു സമര നേതാവ്. കൊടു പീഡനമാണ് അദ്ദേഹത്തിനു നേരിടേണ്ടിവന്നത്.''- ബാലചന്ദ്രന്‍ പറഞ്ഞു.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഇന്നലെയുടെ തീരത്ത് എന്ന ആത്മകഥയില്‍ പ്രൊഫ ജി ബാലചന്ദ്രന്‍ പറയുന്നത് ഇങ്ങനെ:

'അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ.  ഓരോ തുള്ളിച്ചോരയ്ക്കും,  പകരം ഞങ്ങള്‍ ചോദിക്കും' 
കേരള രാഷ്ട്രീയത്തില്‍ ശക്തമായ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ച വിദ്യാര്‍ത്ഥി മുന്നേറ്റമായിരുന്നു ഒരണാ സമരം.   1958 ജൂലൈ 14ാം തീയതി ആരംഭിച്ച ഒരണാ സമരത്തിനു അഗ്‌നിപകര്‍ന്നത്  വയലാര്‍ രവിയും, എം.എ. ജോണുമായിരുന്നു. കോട്ടയത്ത്  ഉമ്മന്‍ചാണ്ടിയെ  ഒരണാ സമരത്തിന്റെ തീച്ചൂളയിലേക്കിറക്കിയതും   എം.എ. ജോണായിരുന്നു. .  ആലപ്പുഴയില്‍ നിന്ന് കുട്ടനാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക്  ബോട്ടു  മാത്രമായിരുന്നു ശരണം.    വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടില്‍ യാത്രക്കൂലി ഒരണയായിരുന്നു.  അതായത് ആറു പൈസ.  സര്‍ക്കാര്‍  അത്   10 പൈസയാക്കി കൂട്ടി..   ചാര്‍ജ് വര്‍ദ്ധന കുറയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം ഇ.എം.എസ് സര്‍ക്കാര്‍ ചെവിക്കൊണ്ടില്ല.  സമരത്തെ നേരിടാന്‍ പോലീസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തിറങ്ങി.  കുട്ടനാട്ടില്‍ തുടങ്ങിയ സമരം ആലപ്പുഴ ജില്ലയിലാകെ പടര്‍ന്നു.  തുടര്‍ന്ന് കൊല്ലത്തേക്കും കോട്ടയത്തേക്കും, മറ്റു ജില്ലകളിലേക്കും  വ്യാപിച്ചു.    സമരത്തിന്റെ പ്രധാന കേന്ദ്രം ആലപ്പുഴ ബോട്ടുജട്ടിയായിരുന്നു.   സമരംമൂലം സ്‌കൂളുകളെല്ലാം അടച്ചു. ആദ്യ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ    പോലീസ്   അറസ്റ്റു ചെയ്തു നീക്കി.   ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍  കഴിഞ്ഞപ്പോള്‍ അവരെ ലാത്തികൊണ്ടും ചൂരല്‍കൊണ്ടും അടിച്ചോടിക്കലായി..   സമരം തീജ്വാല പോലെ പടര്‍ന്നപ്പോള്‍  സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചു.  വിദ്യാര്‍ത്ഥികള്‍ പിക്കറ്റിംഗ് ആരംഭിച്ചപ്പോള്‍  പോലീസ്  കൈയ്യും കാലും തലയുമെല്ലാം   അടിച്ചുപൊട്ടിച്ചു.   കമ്മ്യൂണിസ്റ്റുകാര്‍ കല്ലെറിഞ്ഞു.  രക്ഷകര്‍ത്താക്കള്‍ രോഷാകുലരായി.  പിക്കറ്റിംഗുകള്‍ അക്രമാസക്തമായി.   വിദ്യാര്‍ത്ഥികള്‍ സംഘടിച്ച് ജൂലൈ 23ന് നടത്തിയ ജാഥയെ  കമ്യുണിസ്റ്റനുകൂലികളും  പോലീസുകാരും വളഞ്ഞിട്ടു തല്ലുകയും കല്ലെറിയുകയും ചെയ്തു.  ചോരത്തുള്ളികള്‍ റോഡില്‍ ചിതറിവീണു.  ഒരണാസമരത്തിന്റെ ആവേശം ഭരണത്തെ ഉലച്ചു. ' അമ്മേ ഞങ്ങള്‍ പോകുന്നു കണ്ടില്ലെങ്കില്‍ കരയരുതേ.?  ഓരോ തുള്ളിച്ചോരയ്ക്കും പകരം ഞങ്ങള്‍ ചോദിക്കും' എന്നീ മുദ്രാവാക്യങ്ങള്‍  കേരളമാകെ ഉയര്‍ന്നു..  വിദ്യാര്‍ത്ഥികള്‍ക്ക്  തല്ലു കൊണ്ടപ്പോള്‍ രക്ഷിതാക്കളും നാട്ടുകാരും സമര രംഗത്തിറങ്ങി. വിമോചന സമരത്തിനു പോലും  വഴിമരുന്നിട്ടത് ഒരണാസമരമാണ്.  എനിക്കന്ന് 14 വയസ്സേ പ്രായമുള്ളു, അതുകൊണ്ട് എനിക്ക്  ആ സമരത്തില്‍ പങ്കെടുക്കാനായില്ല.  വീട്  ബോട്ടുജെട്ടിക്കടുത്തായത് കൊണ്ട് സമരാവേശം കാണാന്‍ എതിര്‍കരയില്‍ കമ്പിയില്‍ പിടിച്ചുകൊണ്ട് ഞാന്‍  നില്‍ക്കും.    വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുന്ന ശബ്ദം കേട്ടാലുടനെ ഉണ്ണിപ്പിള്ള ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പോലീസു സംഘം ഓടിവന്ന് അടിതുടങ്ങിയതും കുട്ടികള്‍ ചിതറി ഓടുന്നതും ഇന്നും ഞാന്‍ ഓര്‍ക്കുന്നു.  .  തൊട്ടടുത്തുള്ള  ശ്രീകൃഷ്ണഭവന്‍ ഹോട്ടല്‍ ആന്റ് ലോഡ്ജിന്റെ മുകളിലത്തെ നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ടൗണ്‍ കമ്മിറ്റി ഓഫീസിലിരുന്ന് സഖാക്കള്‍  ലാത്തിയടി രംഗം കണ്ടു ഹരം പിടിക്കും .സമരകാലത്ത് 
 ചേര്‍ത്തലക്കാരന്‍ പി.കെ. കുര്യാക്കോസിനെ പോലീസ് മൃഗീയമായി മര്‍ദ്ദിച്ചു.  വെളുത്തു ചുവന്ന കുര്യാക്കോസിന്റെ ശരീരം മുഴുവന്‍ ലാത്തിയുടെ കരുവാളിച്ച പാടുകള്‍ കാണാമായിരുന്നു. ഒടുവില്‍  വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം  സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നു. 1958  ആഗസ്റ്റ് മൂന്നാം തീയതി  സമരം തീര്‍ന്നു. അതിന്റെ വിജയാഹ്ലാദ ജാഥ കാണാന്‍ ഞാനും പോയിരുന്നു.  മുല്ലയ്ക്കല്‍ ജംഗ്ഷനില്‍ നിന്നാണ് ജാഥ തുടങ്ങിയത്.  ആനപ്പുറത്തിരുന്നുകൊണ്ട് കുര്യാക്കോസ് ജാഥ നയിക്കുന്നത് കണ്ട് കുട്ടികള്‍ക്ക് ആവേശം കൂടി. അറിയപ്പെട്ട ആദ്യത്തെ കെ.എസ്.യു ഒരണാസമര നേതാവ് കുര്യാക്കോസാണ്.     ഒരുകാലത്ത് വീരോചിതമായി ജാഥ നയിച്ച കുര്യാക്കോസിന്റെ അവസാന കാലം ദയനീയമായിരുന്നു. ഞങ്ങളുടെ  സമകാലികരില്‍ ഉമ്മന്‍ചാണ്ടിയും കുര്യാക്കോസും മാത്രമേ ഒരണാ സമരത്തില്‍ പങ്കെടുത്തിട്ടുള്ളു. ഞാന്‍ ഒരണാ സമരത്തില്‍ പങ്കെടുത്തില്ലെങ്കിലും ആ  സമരത്തിന്റെ നേര്‍ക്കാഴ്ചയാണ്  എന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകനാക്കിയത്.'' 

ഒരണാ സമരത്തിലൂടെയാണ് താന്‍ കെഎസ്‌യുവില്‍ എത്തിയതെന്ന്, 2017ല്‍ വയലാര്‍ രവിയുടെ എണ്‍പതാം ജന്മദിനത്തില്‍ എഴുതിയ ലേഖനത്തില്‍ ആന്റണി അവകാശപ്പെട്ടിരുന്നു. കാട്ടുതീ പോലെയാണ് ആ പ്രക്ഷോഭം കേരളത്തില്‍ കത്തിപ്പടര്‍ന്നത്. അതിനു മുന്നില്‍ സര്‍ക്കാരിനു മുട്ടുമടക്കേണ്ടി വന്നു. വിദ്യാര്‍ഥി കണ്‍സഷന്‍ യാഥാര്‍ഥ്യമായി. പിന്നീടു വന്ന ഒരു സര്‍ക്കാരും അതില്‍ കൈവയ്ക്കാന്‍ ധൈര്യപ്പെട്ടില്ല- ആന്റണി എഴുതി. 

വിദ്യാര്‍ഥികളുടെ ബോട്ടുകൂലി ഒരണയില്‍നിന്നു പത്തു പൈസയാക്കി ഉയര്‍ത്തിയ ഇഎംഎസ് സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെയായിരുന്നു, 1958ലെ ഒരണാ സമരം.