ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാവാന്‍ ശ്രമം, കേസില്‍ നിന്ന് പിന്മാറ്റാന്‍ ചില അഭിഭാഷകര്‍ ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 05:27 PM  |  

Last Updated: 26th October 2021 05:27 PM  |   A+A-   |  

HIGHCOURT CRITICIZES

ഹൈക്കോടതി /ഫയല്‍ ചിത്രം

 

കൊച്ചി: പള്ളിത്തര്‍ക്ക കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. കേസില്‍ നിന്ന് തന്നെ പിന്മാറ്റാന്‍ ചില അഭിഭാഷകര്‍ ശ്രമിക്കുന്നതായി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ആരോപിച്ചു. ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാവാനാണ് ഇത്തരക്കാരുടെ ശ്രമം. എന്തുവന്നാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്നും അദ്ദേഹം പറഞ്ഞു.

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം

യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതില്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കുന്ന വേളയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. കേസില്‍ അനാവശ്യമായി നിയമപ്രശ്‌നങ്ങള്‍ ഉണ്ടാക്കി, ഈ നിയമപോരാട്ടം ഒരിക്കലും അവസാനിക്കരുത് എന്ന ചിന്തയോട് കൂടി ചിലര്‍ പ്രവര്‍ത്തിക്കുന്നതായി ദേവന്‍ രാമചന്ദ്രന്‍ ആരോപിച്ചു. ഇത്തരത്തില്‍ ഹൈക്കോടതിക്കെതിരെ ചെളിവാരിയെറിഞ്ഞ് ആളാവാനാണ് ചില അഭിഭാഷകര്‍ ശ്രമിക്കുന്നത്. കേസില്‍ നിന്ന് തന്നെ പിന്മാറ്റാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരത്തില്‍ എന്തുശ്രമം നടന്നാലും കേസ് പരിഗണിക്കുന്നതില്‍ നിന്ന് താന്‍ പിന്മാറില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കോടതിയുടെ ഉദ്ദേശശുദ്ധി മനസിലാക്കാന്‍ എല്ലാവരും തയ്യാറാവുന്നില്ല എന്ന വിമര്‍ശനവും ഹൈക്കോടതി ഉന്നയിച്ചു. ഇത്തരം നിയമപോരാട്ടത്തില്‍ നിന്ന് എന്തുനേടുന്നു എന്നല്ല കോടതി നോക്കുന്നത്. ഭരണഘടനപരമായ ബോധ്യത്തോടെയാണ് കോടതി പ്രവര്‍ത്തിക്കുന്നത്. സഭാകേസുകള്‍ പരിഗണിക്കുമ്പോള്‍ അനാവശ്യമായി ചില പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ ഭയപ്പെടുത്തി കേസില്‍ നിന്ന് പിന്മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണിത്. കോടതിക്ക് ഏതെങ്കിലും തരത്തില്‍ ദേവാലയം അടിച്ചിടുന്നതിനോട് യാതൊരു താത്പര്യവുമില്ല. സുപ്രീംകോടതി വിധിയുടെ അന്തഃസത്ത ഉള്‍ക്കൊണ്ട് അത് നടപ്പാക്കണമെന്ന ചിന്ത മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.