മേയര്‍ക്ക് പക്വതയില്ലാത്ത പെരുമാറ്റം; ഖേദം പ്രകടിപ്പിച്ച് കെ മുരളീധരന്‍; കേസുമായി മുന്നോട്ട് പോകുമെന്ന് ആര്യ രാജേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 11:49 AM  |  

Last Updated: 26th October 2021 11:49 AM  |   A+A-   |  

k_muralidharan

കെ മുരളീധരന്‍

 

തിരുവനന്തപുരം:  തിരുവനന്തപുരം മേയര്‍ ആര്യാ എസ് രാജേന്ദ്രനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. പരാമര്‍ശത്തില്‍ മാനസിക പ്രയാസമുണ്ടായെങ്കില്‍ ഖേദമുണ്ടെന്ന് മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. താന്‍ ഉന്നയിച്ച വിഷയം നിലനില്‍ക്കുന്നതായും പേടിച്ച് മുട്ടുമടക്കിയിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. മേയര്‍ക്ക് പക്വതയില്ലാത്ത പെരുമാറ്റമാണെന്നും നടന്ന ലക്ഷങ്ങളുടെ തട്ടിപ്പില്‍ ഭരിക്കുന്നവര്‍ക്ക് ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

തന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്‌
 

താന്‍ പ്രധാനമായി പറഞ്ഞത് മേയര്‍ക്ക് പക്വതയില്ലാത്തെ പെരുമാറ്റമാണെന്നാണ്. തന്റെത് നാക്കുപിഴയല്ല. പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നു. അതേസമയത്ത് എന്റെ പ്രസ്താവന കൊണ്ട്അവര്‍ക്ക് മാനസികമായ പ്രയാസമുണ്ടായെങ്കില്‍ അതില്‍ തനിക്ക് ഖേദമുണ്ട്. തന്റെ പ്രസ്താവനകൊണ്ട് സ്ത്രീകള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന് നിര്‍ബന്ധമുണ്ട്. അതേസമയം തെറ്റുകള്‍ തെറ്റുകള്‍ തന്നെയാണ്. താന്‍ ചൂണ്ടിക്കാട്ടിയ വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും മുരളീധരന്‍ പറഞ്ഞു. പരാതി നല്‍കിയതില്‍ തനിക്കൊരു പ്രശ്‌നവുമില്ല. ഒരുപാട് കേസുകള്‍ തനിക്കെതിരെയുണ്ട്. ഒരുപാട് പ്രമുഖരായി ഇരുന്നിട്ടുള്ള കസേരയിലാണ് ഇപ്പോഴത്തെ മേയര്‍ ഇരിക്കുന്നതെന്ന്് ഓര്‍മ വേണമെന്നും മുരളീധരന്‍ പറഞ്ഞു. 

കേസുമായി മുന്നോട്ടുപോകുമെന്ന് മേയര്‍
 

അതേസമയം കെ മുരളീധരന്റെ പരാമര്‍ശത്തില്‍ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്ന് മേയര്‍ ആര്യാ എസ് രാജേന്ദ്രന്‍ പറഞ്ഞു. നിലവിലെ പരാതിയില്‍ പൊലീസ് നടപടി എടുക്കട്ടെ. അതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.  സത്രീകളെ മോശമായി വരുത്തിതീര്‍ക്കാനാണ് ശ്രമം. താന്‍ വളര്‍ന്നുവന്നത് പ്രയാസകരമായ സാഹചര്യത്തിലാണെന്നും ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. കെ മുരളീധരനെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലാണ് മേയര്‍ പരാതി നല്‍കിയത്. മേയറുടെ പരാതിയില്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമെ കേസ് എടുക്കുകയുള്ളുവെന്ന് പൊലിസ് പറഞ്ഞു.