സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്; 9 മുതല്‍ സര്‍വീസ് നിര്‍ത്തും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th October 2021 03:30 PM  |  

Last Updated: 26th October 2021 03:30 PM  |   A+A-   |  

Private bus service

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍  അനിശ്ചിതകാല സമരത്തിലേക്ക്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബസുടമകള്‍ ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്‍കി.

ഇന്ധനവില വര്‍ധന

കോവിഡ് , ഇന്ധനവില വര്‍ധന എന്നിവ കാരണം സര്‍വീസ് തുടരാന്‍ കഴിയാത്ത സ്ഥിതിയിലാണെന്ന് ബസുടമകള്‍ പറയുന്നു. 2018ലാണ് ഇതിന് മുന്‍പ് ബസ് ചാര്‍ജ് പരിഷ്‌കരിച്ചത്. അന്ന് ഡീസലിന് ലിറ്ററിന് 60ന് മുകളിലായിരുന്നു വില. ഇപ്പോള്‍ ഇത് നൂറ് കടന്നു. 

കോവിഡ്

ഇതിന് പുറമേ കോവിഡ് പശ്ചാത്തലത്തില്‍ ബസില്‍ കയറുന്ന യാത്രക്കാരുടെ എണ്ണം വളരെ കുറവാണ്. ഇതും പ്രതിസന്ധി സൃഷ്ടിക്കുന്നതായി ബസുടമകള്‍ ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ മിനിമം ചാര്‍ജ് എട്ടുരൂപയാണ്. ഇത് വര്‍ധിപ്പിക്കണം എന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരത്തിലേക്ക് സ്വകാര്യ ബസുകള്‍ നീങ്ങുന്നത്.