ലോക് ഡൗണിന് ശേഷം മദ്യവില്‍പ്പന കുറഞ്ഞു; ലഹരി ഉപയോഗം കൂടിയെന്ന് എക്‌സൈസ് മന്ത്രി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 02:27 PM  |  

Last Updated: 27th October 2021 02:27 PM  |   A+A-   |  

drug use increased

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ധിച്ചതായും മദ്യ വില്‍പപ്പനയില്‍ കുറവുണ്ടായതും എക്‌സൈസ് മന്ത്രി നിയമസഭയെ അറിയിച്ചു. ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചു. കോവിഡും  ലോക് ഡൗണും മദ്യ വില്‍പ്പനയില്‍ കുറവുണ്ടാക്കിയെന്നും എംവി ഗോവിന്ദന്‍ സഭയെ രേഖാമൂലം അറിയിച്ചു. 

സംസ്ഥാനത്ത് ലഹരി കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. തൊണ്ടിയായി പിടിച്ചെടുക്കുന്ന ലഹരി വസ്തുക്കളുടെ അളവും കൂടി. ഇത് വ്യക്തമാക്കുന്നത്  സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടി എന്നാണെന്ന് എക്‌സൈസ് മന്ത്രി പറയുന്നു. കോവിഡ് കാലത്ത് സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ കുറവുണ്ടായി. ലോക് ഡൗണാണ് പ്രധാന കാരണമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

2016-17 ല്‍ വിറ്റത് 205.41 ലക്ഷം കെയ്‌സ് മദ്യമാണ്.  150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എന്നാല്‍ 2020 - 21 ല്‍ മദ്യവില്‍പ്പന 187.22 ലക്ഷം കെയ്‌സ്  ആയി കുറഞ്ഞു. ബിയര്‍ 72.40 ലക്ഷം കെയ്‌സ് വിറ്റു.. ബീയര്‍ വില്‍പ്പന പകുതിയായാണ് കുറഞ്ഞത്. ഡോ. എംകെ മുനീറിന്റെ ചോദ്യത്തിന് എക്‌സൈസ് മന്ത്രി രേഖാമൂലമാണ് മറുപടി നല്‍കിയത്. 

ലഹരി മരുന്ന് കേസുകളില്‍ പിടിച്ചെടുക്കുന്ന തൊണ്ടി വസ്തുക്കളുടെ  അളവ് അനുസരിച്ചാണ് കേസ് എടുക്കുന്നത്. അളവ് പുതുക്കി നിശ്ചയിക്കാന്‍ കേന്ദ്രത്തോട് ശുപാര്‍ശ ചെയ്‌തെന്നും മന്ത്രി അറിയിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുക്കാന്‍ എക്‌സസിന് അധികാരം നല്‍കാനും ഭേദഗതിക്കായി ശുപാര്‍ശ ചെയ്തതായും മന്ത്രി  അറിയിച്ചു.