വെള്ളിത്തിര വീണ്ടുമുണരുന്നു; തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം; ജയിംസ് ബോണ്ട് ഇന്നെത്തും

പ്രദര്‍ശന ഇടവേളകളില്‍ തിയേറ്ററുകള്‍ അണുവിമുക്തമാക്കണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകളിലേക്ക് സിനിമകളുടെ ആരവം മടങ്ങിയെത്തുന്നു. തിയേറ്ററുകളില്‍ ഇന്നു മുതല്‍ സിനിമാപ്രദര്‍ശനം ആരംഭിക്കും. പകുതി സീറ്റുകളിലേക്കാണ് പ്രവേശനം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്. 

കർശന നിയന്ത്രണം

രണ്ടു ഡോസ് വാക്‌സിന്‍ എടുത്തവരെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളത്. പ്രദര്‍ശന ഇടവേളകളില്‍ തിയേറ്ററുകള്‍ അണുവിമുക്തമാക്കണം. ജീവനക്കാരും രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണം. 

എന്നാല്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളാണ് തുടക്കത്തില്‍ തിയേറ്ററുകളിലെത്തുക. 

ജയിംസ് ബോണ്ട് ഇന്നെത്തും

ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാണ് ഇന്ന് പ്രദര്‍ശനത്തിന് എത്തുക. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടര്‍ എന്ന തമിഴ് സിനിമയും തിയേറ്ററുകളിലെത്തിയേക്കും. മറ്റന്നാള്‍ റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദര്‍ശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യും. 

മന്ത്രിമാരുടെ യോ​ഗം ചേരും

മുഴുവന്‍ സീറ്റുകളിലും കാണികളെ  അനുവദിക്കുന്നത് അടക്കം തീയേറ്റര്‍ ഉടമകള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാവും യോഗം. 

ധനകാര്യം, തദ്ദേശ സ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടു മാത്രമേ തീരുമാനമെടുക്കാനാവൂ എന്നതിനാലാണ് ഈ വകുപ്പ് മന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തി യോഗം വിളിക്കാന്‍ തീരുമാനിച്ചത്. 

ഇളവ് വേണമെന്ന് തിയേറ്റർ ഉടമകൾ

സിനിമ ടിക്കറ്റുകള്‍ക്ക് ജിഎസ്ടിക്ക് പുറമെ ഏര്‍പ്പെടുത്തിയിട്ടുള്ള 5 ശതമാനം വിനോദ നികുതി ഒഴിവാക്കുക, തിയേറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ വൈദ്യുതി ചാര്‍ജിലും കെട്ടിട നികുതിയിലും ഇളവ് നല്‍കുക തുടങ്ങിയവയാണ് സംഘടനകള്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com