കേരളത്തിന് ആശ്വാസം; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി; സുപ്രീംകോടതിയെ അറിയിക്കും

തുലാവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്
മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം
മുല്ലപ്പെരിയാർ /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് മേല്‍നോട്ടസമിതി. മേല്‍നോട്ട സമിതി അധ്യക്ഷനും കേന്ദ്ര ജലക്കമ്മീഷന്‍ അംഗവുമായ ഗുല്‍ഷന്‍ കുമാറിന്റെ അധ്യക്ഷതയില്‍ തമിഴ്‌നാട്- കേരള ജലവിഭവ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി മതിയെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. 

ഈ കാര്യം മേല്‍നോട്ട സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഇടുക്കി അണക്കെട്ടില്‍ 90 ശതമാനത്തോളം നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിട്ടാല്‍ വലിയ അപകടത്തിലേക്ക് വഴിവെക്കും. 

വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

നിലവിലെ സാഹചര്യത്തില്‍ മുല്ലപ്പെരിയാറിലെ പരമാവധി ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണം. തുലാവര്‍ഷം ശക്തി പ്രാപിക്കുന്നതോടെ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യകേരളത്തില്‍ മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇടുക്കിയിലേക്ക് നീരൊഴുക്ക് വര്‍ധിച്ചാല്‍ പ്രതിസന്ധി ഇരട്ടിയാകുമെന്നും മേല്‍നോട്ട സമിതി വിലയിരുത്തി.

എന്നാല്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. മേല്‍നോട്ട സമിതിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോ, അഡീഷണല്‍ സോളിസിറ്റര്‍ ജനറലോ ആകും സുപ്രീംകോടതിയില്‍ ഹാജരാകുക.

 ഇരട്ടി ബലം നൽകുന്നതെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ 

ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജലനിരപ്പ് ക്രമീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തിന്മേൽ മേല്‍നോട്ടസമിതിയോട്  സുപ്രീം കോടതി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് തേടിയിരുന്നു. മേൽനോട്ട സമിതിയുടെ നിലപാട് 
സുപ്രീംകോടതിയിൽ കേരളത്തിന്റെ വാദത്തിന് ഇരട്ടി ബലം നൽകുന്നതാണെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ പറഞ്ഞു. 

2018 ലെ പ്രളയത്തെത്തുടര്‍ന്ന് കേരളത്തിന്റെ ആവശ്യപ്രകാരം ജലനിരപ്പ് 139 അടിയായി സുപ്രീംകോടതി നിജപ്പെടുത്തിയിരുന്നു. അന്നത്തേതിനേക്കാള്‍ ആശങ്കാജനകമാണ് ഇപ്പോഴത്തെ സാഹചര്യമെന്ന് കേരള- തമിഴ്‌നാട് ഉന്ന ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസ്ഥാന ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടി കെ ജോസ് ചൂണ്ടിക്കാട്ടി. 

അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട്

അതിനാൽ, ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്നും കേരളം ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് തമിഴ്‌നാട് മരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി സന്ദീപ് സക്‌സേന പറഞ്ഞു. തുടര്‍ന്ന് ശനിയാഴ്ച വരെ ജലനിരപ്പ് 138 അടിയായി നിജപ്പെടുത്താമെന്ന് തമിഴ്‌നാട് യോഗത്തില്‍ സമ്മതിച്ചു. 

നിറഞ്ഞു കിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തും 

കൂടുതല്‍ വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. പകരം ജലനിരപ്പ് 138 അടിയിലെത്തിയാല്‍, സ്പില്‍വേ ഷട്ടറിലൂടെ വെള്ളം പുറത്തേക്കൊഴുക്കും. 90 ശതമാനത്തിലേറെ നിറഞ്ഞു കിടക്കുന്ന ഇടുക്കി അണക്കെട്ടിലേക്കാകും വെള്ളം എത്തുക. 

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിലവിലെ ജലനിരപ്പ് 137.60 അടിയാണ്. സെക്കന്റില്‍ 2300 ഘനയടിയോളം വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. സെക്കന്റില്‍ 2200 ഘനയടി ജലം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com