ചക്രവാത ചുഴി ഇന്ന് ന്യൂനമർദമായേക്കും; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; 11 ജില്ലകളിൽ യെല്ലോ അലർട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th October 2021 06:57 AM  |  

Last Updated: 27th October 2021 07:17 AM  |   A+A-   |  

rain in kerala

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്.  തുലാവർഷത്തോട് ഒപ്പം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതചുഴി രൂപപ്പെട്ടതുമാണ് മഴ ശക്തമാകാൻ കാരണം. അടുത്ത മണിക്കൂറുകളിൽ ചക്രവാതച്ചുഴി ന്യൂനമർദ്ദമായി മാറിയേക്കുമെന്നാണ് വിലയിരുത്തൽ. ആലപ്പുഴ, കണ്ണൂർ, കാസർകോട് ഒഴികെയുള്ള 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.  മലയോര മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കേരള തീരത്ത് നിലവിൽ മത്സ്യബന്ധത്തിന് തടസമില്ല. എന്നാൽ നാളെ രാത്രി വരെ മൂന്ന് മീറ്റർ വരെ ഉയരത്തിൽ  തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

കഴിഞ്ഞ ദിവസം കേരളമടക്കം തെക്കേ ഇന്ത്യയിൽ നിന്നും കാലവർഷം പൂർണമായും പിൻവാങ്ങിയതായും തുലാവർഷം ആരംഭിച്ചതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരുന്നു.  കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയുടെ കിഴക്കൻ  മേഖലകൾ എന്നിവിടങ്ങളിലെല്ലാം അതിശക്തമായ മഴയാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 

ചുഴലിക്കാറ്റ് സീസണ്‍

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടു നില്‍ക്കുന്ന തുലാവര്‍ഷക്കാലം, ചുഴലിക്കാറ്റ് സീസണ്‍ കൂടിയായതിനാല്‍ ഇത്തവണ കൂടുതല്‍ ന്യൂനമര്‍ദങ്ങള്‍ക്കും ചുഴലിക്കാറ്റുകള്‍ക്കും സാധ്യതയുണ്ടെന്നാണ് നിഗമനം. ഇത്തവണ സംസ്ഥാനത്ത് തുലാവര്‍ഷം സാധാരണയില്‍ കൂടുതല്‍ ആയിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.