യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ശേഷം ബാറിലെത്തി മദ്യപാനം, അഭിഭാഷകന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 09:59 PM  |  

Last Updated: 28th October 2021 10:01 PM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


തൃശൂര്‍: യുവാവിനെ അഭിഭാഷകന്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി.  വീട്ടിലിരുന്ന് മദ്യപിക്കുമ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൊലയ്ക്കുശേഷം ബാറില്‍ എത്തി മദ്യപിക്കുകയായിരുന്ന അഭിഭാഷകനെ പൊലീസ് അറസ്റ്റുചെയ്തു. മുളങ്കുന്നത്തുകാവ് തിരൂര്‍ കിഴക്കും മുറിയില്‍ പണിക്കര വിട്ടില്‍ കുട്ടപ്പന്റെ മകന്‍ മണികണ്ഠന്‍ എന്ന കണ്ണന്‍ (42) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ച തിരിഞ്ഞ് നാലരയ്ക്കായിരുന്നു സംഭവം. വൈകിട്ട് ആറിനാണ് കൊലപാതകം പുറംലോകം അറിയുന്നത്.

തൃശൂര്‍ ബാറിലെ അഭിഭാഷകനായ തിരൂര്‍ സരസ്വതി നിലയത്തില്‍ സജീഷിന്റെ വീട്ടില്‍വച്ചാണ് സംഭവം. എല്ലാ ദിവസവും അഭിഭാഷകന് മദ്യം വാങ്ങി കൊടുക്കുന്നത് കണ്ണന്‍ ആയിരുന്നു. ഇന്നലേയും അഭിഭാഷകന് മണികണ്ഠന്‍ മദ്യം വാങ്ങി കൊടുത്തിരുന്നു ശേഷം ഇരുവരും മദ്യപിക്കുകയും ചെയ്തു. പിന്നീട് മണികണ്ഠന്‍ അടുക്കള ഭാഗത്തുള്ള നാളികേരം പൊളിച്ചുകൊണ്ടിരിക്കുമ്പോള്‍ അഭിഭാഷകന്‍ ഷെഡിലെത്തി ചുറ്റികകൊണ്ട് മണികണ്ഠന്റെ തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തിനു ശേഷം അഭിഭാഷകന്‍ വീടുവിട്ടു പോവുകയും ചെയ്തു.

വീടിനു പിന്നില്‍ നിന്നും ഞരക്കം കേട്ട് അഭിഭാഷകന്റെ വൃദ്ധനായ പിതാവ് നോക്കിയപ്പോള്‍ കണ്ണന്‍ താഴെ കിടക്കുന്നതാണ് കണ്ടത്. നേരത്തെ ചെറിയ ബഹളം കേട്ടതുകൊണ്ട് ഇക്കാര്യം പിതാവ് അയല്‍ വാസികളെ അറിയിച്ചു. അവര്‍ എത്തുമ്പോളേയ്ക്കും മണികണ്ഠന്‍ മരിച്ചിരുന്നു. വിവരം അറിഞ്ഞ് എത്തിയ വിയ്യൂര്‍ പൊലീസ് എസ്.എച്ച്.ഒ. സുബിന്‍ മാത്യു സംഭവത്തിനു ശേഷം ബാറില്‍ ഇരുന്നു മദ്യപിക്കുകയായിരുന്ന പ്രതിയെ പിടികൂടി.