ഗഡുക്കളായി തിരിച്ചടക്കാമെന്ന ആവശ്യം തള്ളി; കരുവന്നൂര്‍ ബാങ്കില്‍ നിന്ന് വായ്പയെടുത്ത ഒരാള്‍ കൂടി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 01:25 PM  |  

Last Updated: 28th October 2021 01:25 PM  |   A+A-   |  

jose suicide

ആലപാടന്‍ ജോസ്

 

തൃശൂര്‍: കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടന്ന കരുവന്നൂര്‍ ബാങ്കില്‍ നിന്നും വായ്പ്പയെടുത്തവരില്‍ ഒരാള്‍ കൂടി ജീവനൊടുക്കി.  ആലപാടന്‍ ജോസ് (60) എന്നയാളാണ് ആത്മഹത്യ ചെയ്തത്. കല്‍പണിക്കാരനായിരുന്ന ജോസ് കരിവന്നൂര്‍ ബാങ്കില്‍ നിന്ന് നാല് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. മകളുടെ വിവാഹ ആവശ്യത്തിനാണ് ജോസ് ബാങ്കില്‍ നിന്നും വായ്പയെടുത്തത്.

കൊറോണയും ലോക്ഡൗണും അടക്കമുള്ള പ്രതിസന്ധി വന്നതോടെ തിരിച്ചടവ് മുടങ്ങി. ബാങ്കില്‍ നിന്നും കഴിഞ്ഞ ദിവസം ജപ്തി നോട്ടീസ് ലഭിച്ചതോടെ വലിയ മാനസിക സമ്മര്‍ദ്ദത്തിലായിരുന്ന ജോസിനെ ഇന്ന് പുലര്‍ച്ചയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുടങ്ങിയ വായ്പാ തുക ഗഡുക്കളായി തിരിച്ചടക്കാമെന്ന് അറിയിച്ചിട്ടും ബാങ്ക് അധികൃതര്‍ സമ്മതിച്ചില്ലെന്ന് ജോസിന്റെ മകന്‍ പറഞ്ഞു.
 

ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെയാൾ

ഉടൻ പണം തിരിച്ചടച്ചില്ലെങ്കിൽ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാർ ഭീഷണി ഉയർത്തിയതായും ആരോപണമുണ്ട്. കരിവന്നൂർ ബാങ്കിൽ നിന്നും വായ്പ്പയെടുത്ത് പ്രതിസന്ധിയിലായതിനെ തുടർന്ന് രണ്ടാമത്തെ ആളാണ് ജീവനൊടുക്കുന്നത്. നേരത്തെ ഇരിഞ്ഞാലക്കുട സ്വദേശി മുകുന്ദനും സമാനമായ രീതിയിൽ ബാങ്കിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചതോടെ ജീവനൊടുക്കിയിരുന്നു. 

സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂ‍ർ ബാങ്കിൽ കോടികളുടെ വൻ വായ്പാ തട്ടിപ്പാണ് നടന്നത്. 100 ലധികം വ്യാജ വായ്പകളാണ് 
ബാങ്ക് ഭരണസമിതി നേതാക്കളുടെ വ്യക്തമായ പങ്കോട് കൂടി നടത്തിയതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. കേസിൽ 12 ഭരണസമിതി അംഗങ്ങളെ ക്രൈം ബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. സിപിഎം ലോക്കൽ കമ്മിറ്റി അം​ഗം അടക്കം ഏതാനും പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.