ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2021 04:12 PM  |  

Last Updated: 28th October 2021 04:19 PM  |   A+A-   |  

cheriyan philip is going to join congress

ചെറിയാന്‍ ഫിലിപ്പ് / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: അടുത്തിടെയായി സിപിഎമ്മുമായി അകന്നുനില്‍ക്കുന്ന ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ് തിരിച്ച്‌ കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസിലേക്ക് തിരിച്ചുപോക്കിന്റെ സൂചന നല്‍കി ചെറിയാന്‍ ഫിലിപ്പ്, കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിട്ടിരുന്നു. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേറ്റ ഉമ്മന്‍ചാണ്ടി, ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നുവെന്നും പറഞ്ഞു. ഇപ്പോഴും തന്റെ രക്ഷകര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണം. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ചെറിയാന്‍ ഫിലിപ്പ്. 

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് 

'ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം. അന്ന് അദ്ദേഹം എന്റെ രക്ഷകര്‍ത്താവായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ മത്സരിച്ചു. അദ്ദേഹം തന്നെയാണ് ഇപ്പോഴും എന്റെ രക്ഷകര്‍ത്താവ് എന്ന് ഇപ്പോള്‍ മനസിലായി. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി'- ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ.

രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്. 'രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ രണ്ടുപേരും ഒരേ വേദിയില്‍ വരുന്നത്. നിലവില്‍ സമാനചിന്താഗതിക്കാരാണ്. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നു. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നു. തനിക്കാണ് തെറ്റുപറ്റിയത്'- ഉമ്മന്‍ചാണ്ടി പറഞ്ഞു.