അഭയകേന്ദ്രത്തിലേതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലത്, തറവാട്ടിലേക്ക് മടങ്ങുന്നുവെന്ന് ചെറിയാന്‍ ഫിലിപ്പ്

ഇടതുബന്ധം തന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കിയെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു
ചെറിയാൻ ഫിലിപ്പ് ആന്റണിക്കൊപ്പം മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷൻ ചിത്രം
ചെറിയാൻ ഫിലിപ്പ് ആന്റണിക്കൊപ്പം മാധ്യമങ്ങളെ കാണുന്നു/ ടെലിവിഷൻ ചിത്രം

തിരുവനന്തപുരം: ഇടതുബന്ധം ഉപേക്ഷിച്ച് ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എകെ ആന്റണിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതായി ചെറിയാന്‍ ഫിലിപ്പ് അറിയിച്ചത്. 20 വര്‍ഷത്തിന് ശേഷം തറവാട്ടില്‍ മടങ്ങിയെത്തിയെന്നാണ് ചെറിയാന്‍ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. 

തന്റെ വേരുകള്‍ കോണ്‍ഗ്രസിലാണ്. കോണ്‍ഗ്രസില്‍ തനിക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ സിപിഎമ്മില്‍ അതില്ല. സ്വതന്ത്രമായി അഭിപ്രായം പറഞ്ഞാല്‍ പിന്നെ എകെജി സെന്ററില്‍ കയറാനാകില്ല. സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അഭയകേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനേക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് നല്ലതെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

തന്റെ അധ്വാനത്തിന്റെ ഫലം കോണ്‍ഗ്രസിലുണ്ട്. താന്‍ അന്ന് പറഞ്ഞ കാര്യങ്ങള്‍ കോണ്‍ഗ്രസ് നടപ്പാക്കിയിരിക്കുന്നു. സ്ഥിരം പദവിയിലുള്ളവര്‍ മാറണമെന്ന തന്റെ നിലപാട് കോണ്‍ഗ്രസ് ഇന്ന് ശരിവെച്ചിരിക്കുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസിലേക്ക് ക്ഷണിച്ചു. തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. 

ഇടതുബന്ധം  രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കി

സിപിഎമ്മില്‍ തനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്. സിപിഎമ്മിലെ ആരെയും കുറ്റപ്പെടുത്താനില്ല, ആരും ശത്രുക്കളല്ല. ഇടതുപക്ഷത്തേക്ക് വന്നപ്പോള്‍ സിപിഎം അംഗത്വമെടുക്കില്ലെന്ന് പറഞ്ഞിരുന്നു. ഇടതുസഹയാത്രികനായി തുടരുകയാണ് ചെയ്തത്. ഇടതുബന്ധം തന്റെ രാഷ്ട്രീയപ്രസക്തി ഇല്ലാതാക്കിയെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

സിപിഎം ഒരിക്കലും അവഗണിച്ചിട്ടില്ല. പക്ഷെ രാഷ്ട്രീയവ്യക്തിത്വം ആകാന്‍ സിപിഎം അനുവദിച്ചില്ല. എനിക്കെന്തെങ്കിലും കിട്ടാതെ പോയിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം തനിക്കാണ്. തനിക്ക് എന്തെങ്കിലും പദവി നല്‍കാന്‍ പിണറായി വിജയനോ, കോടിയേരി ബാലകൃഷ്ണനോ കഴിഞ്ഞില്ലെങ്കില്‍ അതിന് അവരെ കുറ്റപ്പെടുത്താനാകില്ല. അത് സംഘടനാപരമായ പ്രശ്‌നങ്ങളായിരിക്കാം. 20 വര്‍ഷം ന്യായീകരണ തൊഴിലാളി ആയിരുന്നെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. 

മടങ്ങിവരുന്നതിൽ സന്തോഷം

ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്കു മടങ്ങിവരുന്നതില്‍ സന്തോഷമുണ്ടെന്നും മടങ്ങിവരവ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നും എ കെ ആന്റണി പറഞ്ഞു. കിട്ടേണ്ട പരിഗണന പാര്‍ട്ടിയില്‍ കിട്ടിയില്ല എന്ന മാനസിക പ്രയാസം ചെറിയാനുണ്ടായിരുന്നു. അങ്ങനെ വന്നപ്പോള്‍ വികാരപരമായി ചെറിയാന്‍ തീരുമാനമെടുത്തു. പാര്‍ട്ടി വിട്ടപ്പോള്‍ ചെറിയാനോട് പരിഭവം ഉണ്ടായിരുന്നു. 

മൂന്നു വര്‍ഷത്തോളം അദ്ദേഹത്തോട് സംസാരിച്ചില്ല. ചെറിയാന് അയാളുടേതായ നിലപാടുകളുണ്ടെന്ന് ചിന്തിച്ചപ്പോള്‍ പിന്നീട് വ്യക്തിബന്ധം സാധാരണ നിലയിലായി. ചെറിയാന്‍ വീട്ടില്‍ വന്നു കാണുമായിരുന്നു. അതിനാല്‍ മഞ്ഞുരുക്കം 17 വര്‍ഷം മുന്‍പേ കഴിഞ്ഞു. സിപിഎമ്മുമായി അടുപ്പമുള്ളപ്പോഴും ചെറിയാന്‍ സിപിഎം അംഗത്വമെടുത്തില്ല എന്നത്  ശ്രദ്ധേയമാണ്. ചെറിയാന്‍ എടുത്ത ഏക പാര്‍ട്ടി അംഗത്വം കോണ്‍ഗ്രസിന്റെതാണെന്നും ആന്റണി പറഞ്ഞു. 

രാജ്യസഭാ സീറ്റ് നല്‍കുന്നത് തീരുമാനിച്ചിട്ടില്ല

ചെറിയാന്‍ ഫിലിപ്പ് തന്റെ പിന്‍ഗാമിയാകുമെന്ന് കരുതുന്നില്ലെന്നും ആന്റണി പറഞ്ഞു. ആന്റണിയുടെ രാജ്യസഭാ സീറ്റ് ചെറിയാന് നല്‍കുമോ എന്ന ചോദ്യത്തിനായിരുന്നു മുന്‍മുഖ്യമന്ത്രിയുടെ മറുപടി. ചെറിയാന് രാജ്യസഭാ സീറ്റ് നല്‍കുന്നത് തീരുമാനിച്ചിട്ടില്ല. അത്തരം കാര്യങ്ങളെല്ലാം പാര്‍ട്ടി പ്രസിഡന്റ് ആണ് തീരുമാനിക്കുന്നതെന്നും എകെ ആന്റണി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com