ലൈഫ് മിഷന്‍:  എറണാകുളം ജില്ലയില്‍ പുതുതായി 56178 അപേക്ഷകള്‍; നേരിട്ട് സമീപിച്ചുള്ള പരിശോധന നവംബര്‍ ഒന്നുമുതല്‍

ഭൂരഹിത ഭവന രഹിതര്‍, ഭൂമിയുള്ള ഭവന രഹിതര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ സ്വീകരിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി : ലൈഫ് മിഷന്‍ പദ്ധതിയില്‍ എറണാകുളം ജില്ലയില്‍ പുതിയതായി 56178 അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ കളക്ടര്‍. അപേക്ഷകരെ നേരിട്ട് സമീപിച്ചുള്ള പരിശോധന നവംബര്‍ ഒന്നിന് ആരംഭിക്കും. ഒരു മാസം കൊണ്ട് പരിശോധനകള്‍ പൂര്‍ത്തിയാക്കും. 2022 ഫെബ്രുവരി 28 നുള്ളില്‍ അന്തിമ ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. 

ഭൂരഹിത ഭവന രഹിതര്‍, ഭൂമിയുള്ള ഭവന രഹിതര്‍ എന്നീ വിഭാഗങ്ങളിലാണ് അപേക്ഷകള്‍ സ്വീകരിച്ചത്. 2021 ഫെബ്രുവരി വരെയുള്ള ഓണ്‍ലൈന്‍ അപേക്ഷകളാണ് ഇപ്പോള്‍ പരിഗണിക്കുന്നത്.  ഭൂമിയുള്ള ഭവനരഹിതരില്‍ 35177 അപേക്ഷകളും ഭൂമിയില്ലാത്ത ഭവനരഹിതരില്‍ 21001 അപേക്ഷകളും ആണ് ആകെയുള്ളത്. 

നേരിട്ട് സമീപിച്ച് പരിശോധന നടത്തും

ഓരോ തദ്ദേശസ്ഥാപനത്തിലും അപേക്ഷകളില്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥര്‍ തന്നെ അപേക്ഷകരെ നേരിട്ട് സമീപിച്ച് പരിശോധന നടത്തും. ആദിവാസി മേഖലയില്‍ അപേക്ഷകരെ തിരിച്ചറിയുന്നതിനായി പട്ടിക വര്‍ഗ്ഗ പട്ടികജാതി അനിമേറ്റേര്‍സ് അല്ലെങ്കില്‍ പ്രമോട്ടര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. 

അര്‍ഹതാ മാനദണ്ഡങ്ങള്‍ വസ്തുതാപരമാണോ എന്ന് അസ്സല്‍ രേഖകളുമായി ഒത്തുനോക്കി ഉറപ്പു വരുത്തും. ക്ലേശ ഘടകങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അംഗീകരിച്ച രേഖകള്‍ പരിശോധിച്ച് അപേക്ഷയോടൊപ്പം അപ് ലോഡ് ചെയ്തു എന്നും പരിശോധനകളില്‍ ഉദ്യോഗസ്ഥര്‍ ഉറപ്പു വരുത്തും. പരിശോധനകള്‍ക്കു ശേഷം ഡിസംബര്‍ ഒന്നിന് ഗുണഭോക്താക്കളുടെ കരട് പട്ടിക പഞ്ചായത്ത് തലത്തില്‍ പ്രസിദ്ധീകരിക്കും. 

ഡിസംബര്‍ 15 വരെ അപ്പീല്‍ സമര്‍പ്പിക്കാം

ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഡിസംബര്‍ 15 വരെ തദ്ദേശസ്ഥാപനങ്ങളില്‍ അപ്പീല്‍ സമര്‍പ്പിക്കാം. ഡിസംബര്‍ 30 ന് ഒന്നാം ഘട്ട അപ്പീലില്‍ തീര്‍പ്പ് കല്‍പിക്കും. ഇതിലും ഉള്‍പ്പെട്ടിട്ടില്ല എങ്കില്‍ 2022 ജനുവരി 15 വരെ ജില്ലാ തലത്തില്‍ അപ്പീല്‍ നല്‍കാം. ജനുവരി 31 ന് രണ്ടാം ഘട്ട അപ്പീലില്‍ തീര്‍പ്പ് കല്‍പ്പിക്കും. 2022 ഫെബ്രുവരി പത്തിന് അന്തിമ കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

ഈ പട്ടികയുടെ ഗ്രാമസഭാ അംഗീകാരം ഫെബ്രുവരി 20 നുള്ളിലും ഭരണ സമിതി അംഗീകാരം ഫെബ്രുവരി 25 നുള്ളിലും നേടണം. 2022 ഫെബ്രുവരി 28 ന് അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കും. അനുവദിച്ച സമയത്തിനുള്ളില്‍ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് ലൈഫ് മിഷന്‍ ജില്ലാ തല കര്‍മ്മ സമിതി യോഗത്തില്‍ തീരുമാനിച്ചെന്നും കളക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com