'ധൃതി പിടിക്കേണ്ട കാര്യമില്ല'; വീണ്ടും സെക്രട്ടറി പദത്തിലേക്ക്?; സാധ്യത തള്ളാതെ കോടിയേരി

ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്
കോടിയേരി മകൻ ബിനീഷിനെ ആശ്ലേഷിക്കുന്നു/ ടെലിവിഷൻ ചിത്രം
കോടിയേരി മകൻ ബിനീഷിനെ ആശ്ലേഷിക്കുന്നു/ ടെലിവിഷൻ ചിത്രം

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു വരവിനുള്ള സാധ്യത തള്ളാതെ കോടിയേരി ബാലകൃഷ്ണന്‍. അതൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ട കാര്യങ്ങളാണ്. ധൃതി പിടിക്കേണ്ട കാര്യമില്ല. അത് പ്രധാനപ്രശ്‌നമല്ല. പാര്‍ട്ടിക്ക് ഏത് സമയത്തും ആലോചിച്ച് തീരുമാനിക്കാവുന്നതേയുള്ളൂവെന്നും കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 

ജാമ്യം ലഭിച്ച് ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തിയ വേളയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. ഒരു കൊല്ലം കഴിഞ്ഞിട്ടാണെങ്കിലും ബിനീഷിന് ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ട്. ഒരു കൊല്ലമായി ബിനീഷിനെ കണ്ടിട്ട്.കോവിഡ് നിബന്ധന കാരണം ജയിലില്‍ പോയി സന്ദര്‍ശിക്കാന്‍ അനുവാദമില്ലായിരുന്നു. ഒരു കൊല്ലം കഴിഞ്ഞ് കണ്ടതിന്റെ ആശ്വാസമുണ്ട്. കോടിയേരി പറഞ്ഞു.

മകനെ കണ്ടതിൽ ആശ്വാസം

രാഷ്ട്രീയമായി വേട്ടയാടുകയാണ് എന്ന ബിനീഷിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോള്‍, കേസ് കോടതിയില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ അത്തരം കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി. ഇ ഡിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നേരത്തെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള സംഭവങ്ങളാണ് ഓരോന്നോരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന സംഭവങ്ങളും അത് സാക്ഷ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. 

കെട്ടിപ്പിടിച്ച് കോടിയേരി; പൊട്ടിക്കരഞ്ഞ് വിനോദിനി

ജാമ്യം ലഭിച്ച് വീട്ടിലെത്തിയ ബിനീഷിനെ കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. കാറില്‍ നിന്നിറങ്ങിയ ബിനീഷ് അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ കെട്ടിപ്പിടിച്ചു. കെട്ടിപ്പിടിച്ച് കരഞ്ഞാണ് അമ്മ വിനോദിനി മകന്‍ ബിനീഷിനെ സ്വീകരിച്ചത്. കുട്ടികളെ കെട്ടിപ്പിടിച്ച് ബിനീഷ് സന്തോഷം പങ്കിട്ടു. സഹോദരൻ ബിനോയ് കൊടിയേരി അടക്കമുള്ള ബന്ധുക്കൾ വീട്ടിലുണ്ടായിരുന്നു. കാലം സത്യത്തെ ചേർത്തുപിടിക്കുമെന്നും, പിന്തുണച്ചവർക്ക് നന്ദിയെന്നും ബിനീഷ് കോടിയേരി പറഞ്ഞു. വൈകിയെങ്കിലും നീതി ലഭിച്ചതിൽ സന്തോഷമെന്നും ബിനീഷ് കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com