മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ല; സ്ഥിതി കോടതിയെ അറിയിക്കുമെന്ന് സർക്കാർ; പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു

സെക്കന്‍ഡില്‍ 7000 ഘനയടി വെള്ളം തുറന്നുവിട്ടാല്‍ പോലും വേണ്ടിവരുന്ന മുന്‍കരുതല്‍ സ്വീകരിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു
മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും പ്രസാദും അണക്കെട്ട് സന്ദർശിക്കുന്നു/ ഫെയ്സ്ബുക്ക് ചിത്രം
മന്ത്രിമാരായ റോഷി അ​ഗസ്റ്റിനും പ്രസാദും അണക്കെട്ട് സന്ദർശിക്കുന്നു/ ഫെയ്സ്ബുക്ക് ചിത്രം

ഇടുക്കി: മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് റൂള്‍കര്‍വ് പാലിച്ചില്ലെന്ന് കേരളം. ജലനിരപ്പ് തമിഴ്‌നാട് റൂള്‍കര്‍വില്‍ നിജപ്പെടുത്താത്തത് സുപ്രീംകോടതിയെയും മേല്‍നോട്ട സമിതിയെയും അറിയിക്കുമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മന്ത്രി പി പ്രസാദിനൊപ്പം അണക്കെട്ട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഞായറാഴ്ച രാത്രിവരെ 138 അടിയായി ജലനിരപ്പ് നിര്‍ത്തേണ്ടതാണ്. 29ന് രാവിലെ ഷട്ടര്‍ ഉയര്‍ത്തിയതു മുതല്‍ ഇതുവരെ അതിന് സാധിച്ചിട്ടില്ല. കൂടുതല്‍ വെള്ളം തുറന്നുവിടുന്ന കാര്യം തമിഴ്‌നാട് അറിയിച്ചിട്ടില്ല. നിലവില്‍ 138.80 അടിയാണ് ജലനിരപ്പ്. റൂള്‍കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിയേക്കില്ലെന്നും മന്ത്രി പറഞ്ഞു. 

ആശങ്ക വേണ്ട, മുന്‍കരുതല്‍ സ്വീകരിച്ചു

വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് ഇതിനോടകം വര്‍ധിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇന്നലെ നാല് മണി മുതല്‍ 1299 ഘനഅടി ജലം കൂടി സ്പില്‍വേ ഷട്ടറുകള്‍ വഴി ഒഴുക്കി വിടുന്നുണ്ട്.

138 അടിയില്‍ ജലനിരപ്പ് നിജപ്പെടുത്താന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം തുറന്നുവിട്ടാല്‍ പോലും ആശങ്ക വേണ്ട. കരുതലിന്റെ ഭാഗമായി എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്. സെക്കന്‍ഡില്‍ 7000 ഘനയടി വെള്ളം തുറന്നുവിട്ടാല്‍ പോലും വേണ്ടിവരുന്ന മുന്‍കരുതല്‍ സ്വീകരിച്ചുണ്ടെന്നും മന്ത്രി പറഞ്ഞു. ചീഫ് എൻജിനീയർ അലക്സ് വർഗീസും മന്ത്രിതല സംഘത്തോടൊപ്പമുണ്ടായിരുന്നു.  

ജലനിരപ്പ് ഉയര്‍ന്നു

ഇന്നലെ മൂന്ന് ഷട്ടറുകള്‍ കൂടി തുറന്ന സാഹചര്യത്തില്‍ വള്ളക്കടവ് മുതലുള്ള ജലനിരപ്പ് നിരീക്ഷിച്ചുവരികയാണെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു. സ്പില്‍വേ വഴി കടുതല്‍ ജലം ഒഴുകി എത്തിയതോടെ പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും നേരിയ വര്‍ധനയുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com