550 ഗ്രാം സ്വര്‍ണവുമായി ബംഗാളിലേക്ക് കടന്നുകളഞ്ഞു, കൊറിയര്‍ സര്‍വ്വീസിന്റെ നമ്പര്‍ ട്രാക്ക് ചെയ്ത് പിന്തുടര്‍ന്നു; ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍
By സമകാലിക മലയാളം ഡെസ്ക് | Published: 31st October 2021 05:24 PM |
Last Updated: 31st October 2021 05:24 PM | A+A A- |

ബിശ്വജിത്ത് മൈട്ടി
തൃശ്ശൂര്‍: പുത്തന്‍ പളളിക്ക് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ നിന്നും ആഭരണങ്ങള്‍ നിര്‍മ്മിച്ചു നല്‍കാനായി നല്‍കിയ 550 ഗ്രാം സ്വര്‍ണ്ണവുമായി കടന്നു കളഞ്ഞ പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍. 35 വയസുള്ള ബിശ്വജിത്ത് മൈട്ടിയെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ് സിനോജിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം ബംഗാളില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 9 വര്‍ഷമായി ബിശ്വജിത്ത് മൈട്ടി കേരളത്തിന്റെ പല സ്ഥലങ്ങളിലായി സ്വര്‍ണ്ണ പണി നടത്തുകയായിരുന്നു.
2 വര്‍ഷമായി പാലക്കലില്‍ കൂടുംബത്തില്‍ സ്ഥിരമായി താമസിച്ച് സ്വര്‍ണ്ണ പണി വര്‍ക്ക്‌ഷോപ്പ് നടത്തിവരികയായിരുന്നു. തൃശ്ശൂര്‍ പുത്തന്‍ പളളിക്ക് സമീപത്തുളള മണ്ണലൂര്‍ പുത്തനങ്ങാടി ദേശത്ത് പുരത്തൂര്‍ക്കാട്ടില്‍ വീട്ടില്‍ സജിന്‍ പണിയാന്‍ നല്‍കിയ 550 ഗ്രാം സ്വര്‍ണ്ണവുമായാണ് ഇയാള്‍ കടന്നുകളഞ്ഞത്.പണിതു നല്‍കാനായി സ്വര്‍ണ്ണം ഏല്‍പ്പിച്ച് നല്‍കി ഏറെ നാളായിട്ടും കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോളാണ് പ്രതി വീട്ടു സാധനങ്ങള്‍ മുഴുവനും കൊറിയറില്‍ നാട്ടിലേയ്ക്ക് അയച്ച ശേഷം കൂടുംബ സമ്മേതം ബംഗാളിലേയ്ക്ക് കടന്നു കളഞ്ഞതായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പ്രതിയുടെ മൊബൈല്‍ ഫോണും ടവര്‍ ലൊക്കേഷനുകളും പരിശോധിച്ച പൊലീസ് പ്രതി മുമ്പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നിലവില്‍ ഉപേയാഗിക്കുന്നില്ല എന്ന് കണ്ടെത്തി. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് വഴിയാണ് പ്രതി രക്ഷപ്പെട്ടതെന്ന് പൊലീസ് പറയുന്നു. സാധന സാമഗ്രികള്‍ അയക്കാന്‍ ഉപയോഗിച്ച കൊറിയര്‍ സര്‍വ്വീസിന്റെ നമ്പര്‍ ട്രാക്ക് ചെയ്ത് പിന്തുടര്‍ന്ന് ബംഗാളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ കണ്ടെത്തുകയായിരുന്നു. ബംഗാളിലെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ട്രാന്‍സിറ്റ് വാറണ്ടില്‍ കേരളത്തിലേക്ക് എത്തിച്ചു. തൃശൂര്‍ സിജെഎം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.