വികെ മധുവിനെതിരെ അച്ചടക്ക നടപടി, തരംതാഴ്ത്തി ; പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായെന്ന് അന്വേഷണ കമ്മീഷന്‍ 

മധുവിന് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിലയിരുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : അരുവിക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്ന ആരോപണത്തില്‍ സിപിഎം നേതാവ് വി കെ മധുവിനെതിരെ അച്ചടക്ക നടപടി. തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ മധുവിനെ തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയിലേക്കാണ് തരംതാഴ്ത്തിയത്. 

മധുവിന് പാര്‍ലമെന്ററി വ്യാമോഹം ഉണ്ടായതായി പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ സിപിഎം സ്ഥാനാര്‍ത്ഥി ജി സ്റ്റീഫനു വേണ്ടിയുള്ള പ്രചാരണത്തില്‍ സജീവമായില്ലെന്നും, ഇടതു സ്ഥാനാര്‍ത്ഥിയെ കാലുവാരി തോല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമാണ് മധുവിനെതിരെ ആരോപണം ഉയര്‍ന്നത്.

തുടർന്ന്   ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയൻബാബു, സി അജയകുമാർ, കെ സി വിക്രമൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷനെ സിപിഎം നിയോ​ഗിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വി കെ മധു മനഃപൂർവം വിട്ടുനിന്നത് താഴേത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി അന്വേഷണ കമ്മീഷൻ  റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. 

അരുവിക്കരയിലെ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്  ആദ്യം നിർദേശിച്ചത്  മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ വി കെ മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി സ്റ്റീഫനെ തീരുമാനിച്ചത്. സാമുദായിക സമവാക്യങ്ങൾ പരിഗണിച്ചായിരുന്നു ഈ തീരുമാനം. തുടർന്ന് മധു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്നും വിട്ടു നിന്നു. 

വിഷയത്തിൽ കോടിയേരി ബാലകൃഷ്ണന്റെ നേരിട്ട് ഇടപെട്ടു. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ പ്രചാരണത്തിനിറങ്ങിയെങ്കിലും സജീവമായിരുന്നില്ല. ജില്ലാ സെക്രട്ടേറിയറ്റിന്റെ  തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിലും മധുവിന്റെ നിസ്സഹകരണം ചൂണ്ടിക്കാട്ടിയിരുന്നു.. അരുവിക്കരയിൽ സിപിഎം സ്ഥാനാർത്ഥി ജി സ്റ്റീഫൻ 5046 വോട്ടിനാണ് കോൺ​ഗ്രസിന്റെ കെ എസ് ശബരീനാഥനെ തോൽപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com