കോവിഡ് ബാധിച്ചത് നാല് തവണ, വാക്സിൻ എടുത്തിട്ടും പോസിറ്റീവ്; മലപ്പുറത്തെ ഡോ.​ഗഫൂർ വീണ്ടും ‘ജയിച്ചു’ 

ആദ്യ രണ്ട് തവണ കോവിഡ് പോസിറ്റീവ് ആയ ഡോക്ടർ പിന്നീട് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും വീണ്ടും രണ്ട് തവണ കൂടി കൊറോണ വൈറസിന് ഇരയായി
ഡോ.അബ്ദുൽ ഗഫൂർ
ഡോ.അബ്ദുൽ ഗഫൂർ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.അബ്ദുൽ ഗഫൂർ (34) ഒന്നരവർഷത്തിനിടെ നാലുതവണയാണ് കോവിഡ് പോസിറ്റീവായത്. ആശുപത്രിയിലെ ജൂനിയർ റസിഡന്റ് ഡോക്ടറായ ഗഫൂറിന് അത്യാഹിത വിഭാഗത്തിലാണ് ഡ്യൂട്ടി. പിപിഇ കിറ്റ് ധരിച്ചു മാത്രമാണ് രോ​ഗികളെ പരിശോധിക്കുന്നത്. ആദ്യ രണ്ട് തവണ കോവിഡ് പോസിറ്റീവ് ആയ ഡോക്ടർ പിന്നീട് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിട്ടും വീണ്ടും രണ്ട് തവണ കൂടി കൊറോണ വൈറസിന് ഇരയായി. 

"2020 ജൂലൈയിലാണ് എനിക്ക് ആദ്യമായി കോവിഡ് ബാധിച്ചത്. ഒപ്പമുള്ള ഒരു ഡോക്ടർക്ക് കോവിഡ് വന്നതിന് പിന്നാലെയായിരുന്നു ഇത്. ആദ്യത്തെ ക്വീറന്റീൻ സമയത്ത് ഞാൻ കോവിഡ് ലക്ഷണങ്ങളൊന്നും കാണിച്ചില്ല. പക്ഷെ ഡിസംബറിൽ രണ്ടാമത് കോവിഡ് ബാധിച്ചപ്പോൾ കടുത്ത പനിയും ക്ഷിണവുമൊക്കെ ആയിരുന്നു. ആറ് മാസത്തിനിടെയാണ് രണ്ട് തവണ കോവിഡ് വന്നുപോയത്. ഈ വർഷം ഫെബ്രുവരിയിൽ കോവിഷീൽഡ് വാക്സിൻ എടുത്തു. എപ്രിലിൽ രണ്ടാം ഡോസും. പക്ഷെ വാക്സിൻ എടുത്തിട്ടും വീണ്ടം കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് മൂന്നാമതും വൈറസ് ബാധ സ്ഥിരീകരിച്ചത്. മണവും രുചിയുമടക്കം നഷ്ടപ്പെട്ടിരുന്നു. എങ്കിലും ചികിത്സയും ക്വീറന്റീനും പൂർത്തിയാക്കി വീണ്ടും ജോലിക്കെത്തി. ഓ​ഗസ്റ്റ് ആദ്യ ആഴ്ചയിലാണ് നാലാമതും പോസിറ്റീവായത്. മറ്റു മൂന്ന് തവണയും അനുഭവിച്ചതിൽ കൂടുതൽ അസ്വസ്ഥതകളായിരുന്നും നാലാമത് വന്നപ്പോൾ. ആരോ​ഗ്യസ്ഥിതി വളരെ മോശമായെങ്കിലും നാലാം പ്രാവശ്യവും വിജയകരമായി ക്വാറന്റീൻ പുർത്തിയാക്കി ഞാൻ ആശുപത്രിയിൽ വീണ്ടുമെത്തി", ഡോ.​ഗഫൂർ പറഞ്ഞു.  

നാല് തവണ കോവിഡ് പിടിപെട്ടെങ്കിലും കോവിഡ് ആശുപത്രിയിലെ ജോലി തുടരണമെന്ന് തന്നെയാണ് ​ഗഫൂറിന്റെ ആ​ഗ്രഹം. എന്നിരുന്നാലും ആന്റീബോഡി പരിശോധന നടത്തി ശരീരത്തിന്റെ രോ​ഗപ്രതിരോധശേഷി അറിയാനാണ് തീരുമാനം. ശരീരത്തിൽ പ്രതിരോധശേഷിയുടെ കുറവ് മൂലമാകാം അടിക്കടി കോവിഡ് വരാനുള്ള കാരണമെന്നാണ് കരുതുന്നത്. കോവിഡ് രോ​ഗികളെ പരിചരിക്കാൻ താത്പര്യമുണ്ടെങ്കിലും പരിശോധനയിൽ അത് വേണ്ടെന്ന നി​ഗമനത്തിലേക്കാണ് എത്തുന്നതെങ്കിൽ അതനുസരിച്ച് ചെയ്യുമെന്നും ഡോക്ടർ പറഞ്ഞു. 

​"ഡോ ​ഗഫൂറിന് ആദ്യം വളരെ നേരിയ ഇൻഫെക്ഷൻ ആണ് ഉണ്ടായത്. ഇതു ചിലപ്പോൾ വൈറസിനെതിരെ വേണ്ടത്ര ആന്റീബോഡികൾ സൃഷ്ടിച്ചിട്ടുണ്ടായിരി‌ക്കില്ല. കോവിഡ് നെഗറ്റീവായാലും വൈറസിന്റെ നിശ്ശബ്ദ സാന്നിധ്യമുണ്ടാകാം. ഡോക്ടറുടെ സാംപിളിൽ ജനിതക മാറ്റം വന്ന ഡെൽറ്റ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡൽഹിയിലെ ജീനോമാറ്റിക് ഇൻസ്റ്റിറ്റ്യൂട്ട് സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പോസിറ്റീവായ രോഗികളുമായുള്ള നിരന്തര സമ്പർക്കം, ശരീരത്തിലെ പ്രതിരോധ ശേഷിയുടെ കുറവ് എന്നീ കാരണങ്ങളും സംശയിക്കണം", മഞ്ചേരി മെഡിക്കൽ കോളഡിലെ കോവിഡ് നോഡൽ ഓഫിസർ ഡോ. ഷിനാസ് ബാബു പറഞ്ഞു. രോ​ഗം മൂർച്ഛിക്കാതിരുന്നതിനുള്ള പ്രധാന കാരണം അദ്ദേഹം വാക്സിൻ സ്വീകരിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com