'ഫയല്‍ വൈകിപ്പിച്ച് കാശ് അടിക്കാന്‍ നോക്കേണ്ട' ; കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ പൊട്ടിത്തെറിച്ച് മേയര്‍ 

കോവിഡ് പ്രതിരോധത്തിന് വേണ്ടി പണം പിരിക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ അനില്‍കുമാര്‍ പറഞ്ഞു
മേയര്‍ അനില്‍കുമാര്‍ / ഫെയ്‌സ്ബുക്ക് ചിത്രം
മേയര്‍ അനില്‍കുമാര്‍ / ഫെയ്‌സ്ബുക്ക് ചിത്രം

കൊച്ചി : കോവിഡിന്റെ മറവില്‍ വ്യാപകമായി പണം പിരിക്കുന്നുവെന്ന ആരോപണത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെ പൊട്ടിത്തെറിച്ച് മേയര്‍. കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പണപ്പിരിവിനെക്കുറിച്ച് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കൊച്ചി മേയര്‍ എം അനില്‍കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. 

'ഫയല്‍ വൈകിപ്പിച്ച് കാശു വാങ്ങാമെന്ന് ഒരു ഉദ്യോഗസ്ഥനും ധരിക്കരുത്. അത്തരക്കാരെ സംരക്ഷിക്കാന്‍ യൂണിയനുകള്‍ കൂട്ടുനില്‍ക്കരുത്. ആവശ്യമെങ്കില്‍ വിജിലന്‍സിനെ വിളിക്കാനും മടിക്കില്ല'. മേയര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി. 

ഇടപ്പള്ളി മേഖല ഓഫീസിനെതിരെ ഒട്ടേറെ പരാതി ഉയര്‍ന്നിട്ടുണ്ടെന്നും ഇനിയും പരാതി ഉണ്ടായാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മേയര്‍ പറഞ്ഞു. ഇടപ്പള്ളി മേഖല ഓഫീസില്‍ നടക്കുന്ന കാര്യങ്ങല്‍ അന്വേഷിച്ചു റിപ്പോര്‍ട്ടു നല്‍കാന്‍ ഡെപ്യൂട്ടി സെക്രട്ടറിയെ മേയര്‍ ചുമതലപ്പെടുത്തി. 

അര്‍ഹതപ്പെട്ട കാര്യങ്ങള്‍ക്കു സമീപിക്കുമ്പോഴും ചില പ്രത്യേക ആളുകള്‍ വഴി വരാനാണ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിക്കുന്നതെന്ന് യുഡിഎഫ് കൗണ്‍സിലര്‍ വികെ മിനിമോള്‍ കുറ്റപ്പെടുത്തി. മേയറുടെ പേരുപറഞ്ഞാണ് പിരിവു നടത്തുന്നതെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. 

എന്നാല്‍ കോവിഡ് പ്രതിരോധത്തിന് വേണ്ടി പണം പിരിക്കാന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന് മേയര്‍ അനില്‍കുമാര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ പരിധിയില്‍ ഇതുവരെയും ആദ്യഡോസ് വാക്‌സിന്‍ കിട്ടാത്തവരുടെ പട്ടിക അഞ്ചുദിവസത്തിനകം തയ്യാറാക്കുമെന്നും മേയര്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com