'കുറ്റവാളിയായ വൃക്കയോ ഹൃദയമോ ഇല്ല', അവയവദാനത്തില്‍ ഹൈക്കോടതി 

മനുഷ്യശരീരത്തിൽ കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം എന്നിങ്ങനെ ഇല്ലെന്ന് ഹൈക്കോടതി പരാമർശിച്ചു
ഹൈക്കോടതി /ഫയല്‍ ചിത്രം
ഹൈക്കോടതി /ഫയല്‍ ചിത്രം


കൊച്ചി: ഒട്ടേറെ ക്രിമിനൽ കേസിൽ പ്രതിയായ ആളുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനം റദ്ദാക്കി ഹൈക്കോടതി. മനുഷ്യശരീരത്തിൽ ‘കുറ്റവാളിയായ വൃക്ക, കരൾ, ഹൃദയം’ എന്നിങ്ങനെ ഇല്ലെന്ന് ഹൈക്കോടതി പരാമർശിച്ചു. എല്ലാവരിലും ഒരേ രക്തമാണെന്നും കോടതി പറഞ്ഞു. 

ക്രിമിനൽ കേസുകളിൽ പ്രതിയായ വ്യക്തിയുടെ വൃക്കദാനം ചെയ്യാൻ അനുമതി നിഷേധിച്ച എറണാകുളം ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയുടെ തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്.  ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് വിധി. അവയവദാനത്തിന് അനുമതി തേടുമ്പോൾ ക്രിമിനൽക്കേസിൽ പ്രതിയാണോ എന്നതിൽ തീരുമാനം എടുക്കേണ്ടത് ഓതറൈസേഷൻ സമിതിയല്ല. ഇത്തരം അപേക്ഷകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഗണിച്ച് തീരുമാനമെടുക്കണം. ഇത് നിർദേശിച്ച് ചീഫ് സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കണമെന്നും ഈ ഉത്തരവ് ഒരു മാസത്തിനുള്ളിൽ രജിസ്ട്രാർ ജനറലിന് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു.

വടക്കൻ മലബാറിൽ പ്രശസ്തമായ ‘പൊട്ടൻ തെയ്യം’ തോറ്റംപാട്ടിലെ വരികളും വിധിന്യായത്തിൽ ഉൾപ്പെടുത്തി.

‘നിങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?

നാങ്കളെ ക്കൊത്ത്യാലും ചോരല്ലേ ചൊവ്വറ് ?

പിന്നെന്തെ ചൊവ്വറ് കുലം പിശക് ന്ന് ?

തീണ്ടിക്കൊണ്ടല്ലേ കുലം പിശക് ന്ന് !

കൊല്ലം നെടുമ്പനത്ത് രാധാകൃഷ്ണപിള്ള(54)യ്ക്കാണ് വൃക്കദാനം ചെയ്യാനിരുന്നത്. തിരുവനന്തപുരം പൂന്തുറ പുതുവൽ പുത്തൻവീട്ടിൽ ആർ. സജീവനാണ് (38) വൃക്ക ദാനം ചെയ്യാൻ അനുവദിക്കണം എന്ന അപേക്ഷയുമായി ജില്ലാതല ഓതറൈസേഷൻ കമ്മിറ്റിയെ സമീപിച്ചത്. എന്നാൽ അപേക്ഷ തള്ളി.  രാധാകൃഷ്ണ പിള്ളയുടെ ഡ്രൈവറും സുഹൃത്തുമായിരുന്നു സജീവ്. ഒരാഴ്ചയ്ക്കുള്ളിൽ അപേക്ഷ വീണ്ടും പരിഗണിച്ച് തീരുമാനമെടുക്കാൻ ജില്ലാ തല ഓതറൈസേഷൻ കമ്മിറ്റിയോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com