കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടണം; അയല്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st September 2021 07:52 PM  |  

Last Updated: 01st September 2021 07:52 PM  |   A+A-   |  

covid cases in kerala

കോവിഡ് വാക്‌സിനേഷന്‍, ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. കര്‍ണാടകത്തിനും തമിഴ്‌നാട്ടിനുമാണ് നിര്‍ദേശം നല്‍കിയത്. തമിഴ്‌നാട്ടിലെയും കര്‍ണാടകയിലെയും കോവിഡ് സ്ഥിതിഗതികള്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തില്‍ വിലയിരുത്തുകയായിരുന്നു .

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിനം 30000ലേറെ രോഗികളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്ക് രോഗം പടരാതിരിക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെ കുറിച്ച് യോഗം വിലയിരുത്തി. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ വാക്‌സിനേഷന്‍ കൂട്ടാന്‍ കേന്ദ്രം തമിഴ്‌നാട്ടിനും കര്‍ണാടകയ്ക്കും നിര്‍ദേശം നല്‍കി. 

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ കൂടുതല്‍ മെച്ചപ്പെട്ട ലോക്ക്ഡൗണ്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് രാജ്യത്ത് പ്രതിദിനം ഏറ്റവുമധികം കോവിഡ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന കേരളം കേന്ദ്രത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തി. ഇതിന്റെ ആഘാതം തങ്ങളെയും ബാധിക്കുമോ എന്ന ആശങ്കയിലാണ് അയല്‍സംസ്ഥാനങ്ങളെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പ്രാധാന്യം വ്യക്തമാക്കിയ ഉദ്യോഗസ്ഥര്‍, നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നു നിര്‍ദേശിച്ചു. ജില്ലാ തലത്തില്‍ നടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമില്ല. രോഗബാധയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി അവിടെ നിരീക്ഷണം കൂടുതല്‍ ശക്തമാക്കാന്‍ ശ്രമിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

വീടുകളില്‍ കോവിഡ് മുക്തമാകുന്നവര്‍ സുരക്ഷാനിര്‍ദേശങ്ങള്‍ കൃതമായി പാലിക്കുന്നില്ല. അതുകൊണ്ടാണ് വൈറസ് വ്യാപനത്തെ തടയാന്‍ സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കണം. ആളുകളുടെ സഞ്ചാരം നിയന്ത്രിക്കണമെന്നും അവര്‍ നിര്‍ദേശിച്ചു.