വ്യാജ ലൈസന്‍സുള്ള തോക്കുകളുമായി അഞ്ച് കശ്മീരി യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍ 

അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു
കശ്മീരി യുവാക്കള്‍ പിടിയില്‍ / ടെലിവിഷന്‍ ദൃശ്യം
കശ്മീരി യുവാക്കള്‍ പിടിയില്‍ / ടെലിവിഷന്‍ ദൃശ്യം

തിരുവനന്തപുരം: വ്യാജ ലൈസന്‍സുള്ള തോക്ക് കൈവശം വച്ച അഞ്ച് കശ്മീരി യുവാക്കള്‍ തിരുവനന്തപുരത്ത് അറസ്റ്റില്‍. രജൗറി ജില്ലയിലെ കട്ടേരംഗ സ്വദേശികളായ ഷൗക്കത്തലി, ഷുക്കൂര്‍ മഹമദ്, മുഷ്താക്ക് ഹുസൈന്‍, ഗുസല്‍മാന്‍, മുഹമദ് ജാവേദ് എന്നിവരാണ് അറസ്റ്റിലായത്. 

കരമന നീറമണ്‍കരയില്‍ നിന്നാണ് കരമന പോലീസ് ഇവരെ പിടികൂടിയത്. അഞ്ച് ഇരട്ടക്കുഴല്‍ തോക്കുകളും 25 റൗണ്ട് വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ഏജന്‍സികളിലെ ജീവനക്കാരാണ് ഇവര്‍. 

ആറു മാസം മുന്‍പാണ് ഇവര്‍ മഹാരാഷ്ട്രയിലെ റിക്രൂട്ടിങ് ഏജന്‍സി വഴി തലസ്ഥാനത്തെത്തിയത്. തെരഞ്ഞെടുപ്പുസമയത്ത് തോക്കുകള്‍ സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് അറിയിച്ചിരുന്നെങ്കിലും ഇവര്‍ എത്തിച്ചില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തോക്കിന്റെ ലൈസന്‍സ് വ്യാജമാണെന്ന് കണ്ടെത്തിയത്.

ബുധനാഴ്ച വൈകീട്ടോടെ നീറമണ്‍കരയിലെ താമസസ്ഥലത്തുനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും മിലിട്ടറി ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ഇവരെ ചോദ്യം ചെയ്തു. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും. 

വിമാനത്താവളം, പത്മനാഭ സ്വാമി ക്ഷേത്രം, പാങ്ങോട് മിലിട്ടറി ക്യാമ്പ്, ഐഎസ്ആര്‍ഒ തുടങ്ങിയ നിരവധി പ്രധാന സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്ത് കശ്മീരില്‍ നിന്നുള്ള അഞ്ചുപേര്‍ വ്യാജ തോക്കുകളുമായി എത്തിയത് ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com