സ്‌കൂളുകള്‍ തുറക്കുന്നത് ആലോചനയില്‍ ; പ്രായോഗികത പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

സ്‌കൂളുകളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടന്‍ തീരുമാനിക്കുമെന്ന്  മന്ത്രി ശിവന്‍കുട്ടി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുന്നത് സര്‍ക്കാരിന്റെ ആലോചനയില്‍. ഇക്കാര്യം പരിശോധിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളുകളുകള്‍ തുറക്കുന്നതിന്റെ പ്രായോഗികത പഠിക്കാനുള്ള വിദഗ്ധ സമിതിയെ ഉടന്‍ തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു. 

സ്‌കൂളുകള്‍ തുറക്കുന്നതിന് പാകമായോ, സമയമായോ എന്നതിനെ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി ഉചിതമായ വിദഗ്ധസമിതിയെ നിയോഗിക്കുന്ന കാര്യം വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചുകൊണ്ടിരിക്കുകയാണ്. വിദഗ്ധ സമിതി റിപ്പോര്‍ട്ട് കിട്ടിയാല്‍, ഇതോടൊപ്പം സ്‌കൂളുള്‍ തുറന്നാല്‍ ഏതെല്ലാം ക്ലാസുകള്‍ ആദ്യം തുറക്കാം, എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്നതു സംബന്ധിച്ച വിദ്യാഭ്യാസ വകുപ്പിന്റെ പ്രോജക്ട് റിപ്പോര്‍ട്ടും മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. 

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി കോവിഡ് സാഹചര്യം വിലയിരുത്തുന്ന ആരോഗ്യവിദഗ്ധരടങ്ങുന്ന വിദഗ്ധസമിതിയുമായി ചര്‍ച്ച ചെയ്ത് തീരുമാനം കൈക്കൊള്ളുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. കോവിഡ് സാഹചര്യം വിലയിരുത്താനായി ഇന്നലെ മുഖ്യമന്ത്രി ആരോഗ്യ വിദഗ്ധരടക്കമുള്ളവരുമായി നടത്തിയ ആശയവിനിമയത്തില്‍ നിയന്ത്രണങ്ങളോടെ സ്‌കൂളുകള്‍ തുറക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നതായും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. 

വിദ്യാഭ്യാസ വകുപ്പ് എന്തു തീരുമാനമെടുത്താലും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. പ്ലസ് ടു പരീക്ഷ നടത്തണമെന്നും വേണ്ടെന്നും അഭിപ്രായം ഉണ്ടായി. നടത്തണമെന്ന് തീരുമാനിച്ചപ്പോള്‍ ഇടവേള വേണമെന്ന ആവശ്യം ഉയര്‍ന്നു. ഇടവേള നല്‍കിയപ്പോള്‍ ഒരുമിച്ച് പരീക്ഷ എഴുതിയാല്‍ മതിയെന്ന വിമര്‍ശനവും ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. 

സംസ്ഥാനത്തെ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുമായി നടത്തിയ ആശയവിനിമയത്തില്‍ വിദഗ്ധര്‍ വ്യക്തമാക്കിയത്. വാക്‌സിനേഷന്‍ മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നതിനാല്‍ അധികം വൈകാതെ തന്നെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. രാത്രി കര്‍ഫ്യൂവും ലോക്ഡൗണും ഒഴിവാക്കി, സ്‌കൂളുകല്‍ ഉള്‍പ്പെടെ തുറന്ന് ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചുകൊണ്ടുവരാമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com