നിയമനം നടത്തിയത് പ്രത്യേക സെല്‍, തെരഞ്ഞെടുപ്പ് രീതി അറിയില്ല ; വക്താക്കളുടെ നിയമനം തന്റെ അറിവോടെയല്ലെന്ന് ഷാഫി പറമ്പില്‍

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പ്രസിഡന്റോ അറിഞ്ഞുള്ള നിയമനങ്ങളല്ല
ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് / ടെലിവിഷന്‍ ദൃശ്യം
ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് / ടെലിവിഷന്‍ ദൃശ്യം

കോഴിക്കോട് : യൂത്ത് കോണ്‍ഗ്രസ് വക്താക്കളുടെ നിയമനം തന്റെ അറിവോടെയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. ഇന്നലെ പ്രഖ്യാപനം ഉണ്ടായപ്പോഴാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുന്നത്. പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ട ഉടനെ ആദ്യമായി ദേശീയ കമ്മിറ്റിയെ ബന്ധപ്പെടുകയും, ഇത് ശരിയായ രീതിയല്ലെന്നും, തീരുമാനം റദ്ദു ചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. 

കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റിനും സംഘടനാ ജനറല്‍ സെക്രട്ടറിക്കും ഇതുസംബന്ധിച്ച് പരാതി അറിയിച്ചു. സംസ്ഥാന കമ്മിറ്റിയില്‍ ഉയര്‍ന്ന വിമര്‍ശനം അതേ സ്പിരിറ്റില്‍ കമ്യൂണിക്കേറ്റ് ചെയ്തിരുന്നു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ വികാരം മാനിച്ച്, എത്രയും പെട്ടെന്ന് തന്നെ ആ ലിസ്റ്റ് റദ്ദുചെയ്യണമെന്നും താന്‍ ആവശ്യപ്പെട്ടിരുന്നു. 

മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വമോ, പ്രസിഡന്റോ അറിഞ്ഞുള്ള നിയമനങ്ങളല്ല. സംസ്ഥാനകമ്മിറ്റി അറിയാതെ നടത്തിയ നിയമനം അംഗീകരിക്കാനാകില്ല. അതിനാലാണ് നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സംസ്ഥാന കമ്മിറ്റിയുടെ വികാരം തിരിച്ചറിഞ്ഞ് നടപടിയെടുത്ത ദേശീയ നേതൃത്വത്തെ നന്ദി അറിയിക്കുന്നു. 

ഇത് പെട്ടെന്നുണ്ടായ തീരുമാനം അല്ലെന്നും, ഒരു വര്‍ഷത്തിലേറെ നീണ്ട പ്രോസസ്സിന്റെ ഫലമായാണ് തയ്യാറാക്കിയതെന്നാണ് മീഡിയ കമ്യൂണിക്കേഷന്‍ സെല്‍ അറിയിച്ചത്. ഇത് സംഘടനാ ഘടകങ്ങളല്ല നടത്തിയത്. യുവനേതാക്കളെ കണ്ടെത്തുന്നതിനായി പ്രത്യേക സെല്‍ രൂപീകരിച്ചിരുന്നു. അവര്‍ ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചിരുന്നു. നിയമനം നടത്തിയത് പ്രത്യേക സെല്ലാണ്. തെരഞ്ഞെടുപ്പ് രീതി അറിയില്ല. 

നേതാക്കള്‍ എഴുതിക്കൊടുത്ത പേരിന്റെ അടിസ്ഥാനത്തിലുള്ള നിയമനമല്ലെന്നും, തനിക്ക് ഇതില്‍ ഒരു പങ്കാളിത്തവും ഇല്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മറിച്ചു നടക്കുന്ന പ്രചാരണത്തില്‍ ഒരു അടിസ്ഥാനവുമില്ല. ആ ലിസ്റ്റ് റദ്ദു ചെയ്ത സാഹചര്യത്തില്‍ അത് ഒരു പ്രശ്‌നമായി നിലനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവരെയാണ് യൂത്ത് കോണ്‍ഗ്രസ് വക്താക്കളായി നിയമിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com